WORLD

വിമാനത്തിൽ കയറുന്നതിനിടെ യാത്രക്കാരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് ഐസിഇ ; വർക്ക് പെർമിറ്റുണ്ടെന്ന് നിലവിളിച്ച് സ്ത്രീ | വീഡിയോ

ശനിയാഴ്ച രാവിലെ 8.10ന് ലോസ് ആഞ്ചലസിലേക്ക് പുറപ്പെടേണ്ടിയിരുന്ന അലാസ്ക എയർലൈൻസിന്റെ ഫ്ലൈറ്റ് 1306-ൽ യാത്രക്കാർ കയറുന്നതിനിടെയായിരുന്നു സംഭവം

Author : ന്യൂസ് ഡെസ്ക്

സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ-ടക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ രണ്ട് യാത്രക്കാരെ കസ്റ്റഡിയിലെടുത്ത നടപടിയിൽ വിവാദം പുകയുന്നു. മുഖംമൂടി ധരിച്ചെത്തിയ ഫെഡറൽ ഉദ്യോഗസ്ഥർ വിമാനത്തിൽ കയറുന്നതിനിടെ യാത്രക്കാരെ വലിച്ചിഴച്ച് നീക്കം ചെയ്യുന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ശനിയാഴ്ച രാവിലെ 8.10ന് ലോസ് ആഞ്ചലസിലേക്ക് പുറപ്പെടേണ്ടിയിരുന്ന അലാസ്ക എയർലൈൻസിന്റെ ഫ്ലൈറ്റ് 1306-ൽ യാത്രക്കാർ കയറുന്നതിനിടെയായിരുന്നു സംഭവം. യാത്രക്കാർ ലഗേജുകളുമായി ജെറ്റ് ബ്രിഡ്ജിൽ നിൽക്കുന്നതിനിടെ മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ എത്തി രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥർ ഒരാളെ നിലത്തൂടെ വലിച്ചിഴയ്ക്കുന്നതും സമീപത്തുണ്ടായിരുന്ന സ്ത്രീകൾ തടയാൻ ശ്രമിക്കുന്നതും കാണാം. ഇതിനിടെ, തന്റെ മകളെ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോകുകയാണെന്നും അവൾക്ക് സാധുവായ വർക്ക് പെർമിറ്റ് ഉണ്ടെന്നും ഒരു സ്ത്രീ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുകയായിരുന്ന മെൻഡോസയെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന് എക്സ് പോസ്റ്റിൽ ഇതിന് പിന്നാലെ ICE വ്യക്തമാക്കിയിരുന്നു. സംഭവത്തിനിടെ ഉദ്യോഗസ്ഥർക്കു നേരെ ചൂടുള്ള കാപ്പി ഒഴിച്ചതായി ആരോപിച്ച് മറ്റൊരു യാത്രക്കാരിയായ സോഫിയ ഹെർണാണ്ടസ് മെജിയയെയും കസ്റ്റഡിയിലെടുത്തതായി ICE അറിയിച്ചു. വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തുടരുകയായിരുന്ന മെക്സിക്കൻ പൗരയാണ് ഇവരെന്നും ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ഇവർക്കെതിരെ കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

അതേസമയം, വിമാനത്തിൽ യാത്രക്കാർ കയറുന്ന സമയത്ത് ഇത്തരമൊരു നിയമനടപടി സ്വീകരിച്ചതിൽ അലാസ്ക എയർലൈൻസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. നടപടിയെക്കുറിച്ച് എയർലൈനിന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. സംഭവം ജീവനക്കാർക്കും യാത്രക്കാർക്കും വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരോട് എല്ലായ്പ്പോഴും മാന്യതയോടെയും ബഹുമാനത്തോടെയും പെരുമാറണമെന്ന നിലപാടിൽ കമ്പനി ഉറച്ചുനിൽക്കുന്നതായും അറിയിച്ചു.

സിയാറ്റിൽ തുറമുഖ അധികൃതരുമായി സഹകരിച്ച് വിമാനത്താവളത്തിലെ നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചാണോ നടപടി സ്വീകരിച്ചതെന്ന് പരിശോധിക്കുമെന്നും ബന്ധപ്പെട്ട അധികാരികളോട് ആശങ്കകൾ അറിയിച്ചിട്ടുണ്ടെന്നും എയർലൈൻസ് വ്യക്തമാക്കി.സംഭവത്തെത്തുടർന്ന് വിമാനം വൈകുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ ICE ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രംഗത്തെത്തി. ഏജൻസിയുടെ പ്രവർത്തനരീതികളെ 'അങ്ങേയറ്റം അമേരിക്കൻ വിരുദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'വീഡിയോ ഭയാനകമാണ്. അത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്,' ഫെർഗൂസൺ പറഞ്ഞു.

ഫലപ്രദവും ധാർമികവും മാനുഷികവുമായ രീതിയിലുള്ള ഇമിഗ്രേഷൻ സംവിധാനവും അതിർത്തി സുരക്ഷയുമാണ് രാജ്യത്തിന് ആവശ്യമെന്നും ICE പരിഷ്കരിക്കാവുന്ന ഒരു സംവിധാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ ഉദ്യോഗസ്ഥർ എങ്ങനെയാണ് ജെറ്റ് ബ്രിഡ്ജിൽ പ്രവേശിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ സിയാറ്റിൽ തുറമുഖ അധികൃതർ, ബാധിക്കപ്പെട്ട കുടുംബത്തിനും മറ്റ് യാത്രക്കാർക്കും ഉണ്ടായ ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫെഡറൽ അധികൃതരുമായി ബന്ധപ്പെടുമെന്നും അവർ അറിയിച്ചു.

SCROLL FOR NEXT