ആഴ്ചകൾക്ക് മുമ്പ് വെടിവയ്പ് നടന്ന മിനിയാപൊളിസിൽ ശനിയാഴ്ച ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വീണ്ടും ഒരാളെ വെടിവച്ചു കൊന്നു. സംഭവത്തെ തുടർന്ന് മിനിയാപൊളിസിൽ പ്രതിഷേധങ്ങൾ ഉടലെടുത്തു. 37 വയസുള്ള ആളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയ മിനിയാപൊളിസ് പോലീസ് മേധാവി ബ്രയാൻ ഒ'ഹാര പക്ഷേ കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വെടിവയ്പ്പിലേക്ക് നയിച്ചത് എന്താണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ നിയന്ത്രണത്തിൻ്റെ ഭാഗമായി ഫെഡറൽ ഉദ്യോഗസ്ഥർ ഓപ്പറേഷൻ നടത്തുന്നതിനിടെ കൈത്തോക്കുമായി അവരെ തടയാൻ ശ്രമിച്ചയാളെ നിരായുധീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വക്താവ് ട്രീഷ്യ മക്‌ലോഫ്ലിൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് നടത്തിയത് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള വെടിവയ്പാണെന്നും ട്രീഷ്യ മക്‌ലോഫ്ലിൻ ന്യായീകരിച്ചു.
സംഭവത്തിൻ്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വീഡിയോയിൽ ഏഴ് ഓഫീസർമാർ ഒരാളെ വളഞ്ഞിരിക്കുന്നതായും ഇയാൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതായും കാണാം. ഇതിൽ ഒരാൾ ഇയാളെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിൽ വെടിശബ്ദം കേൾക്കുന്നതും ഓഫീസർമാർ പിറകോട്ട് മാറുന്നതും കാണാം. പിന്നീട് തുടർച്ചയായി വെടിശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെ നിന്നാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നില്ല. വെടിയേറ്റതിനെ തുടർന്ന് യുവാവ് റോഡിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തെ തുടർന്ന് മിനിയാപൊളിസിൽ പ്രതിഷേധം കത്തിപ്പടരുകയാണ്. പൊതുജനങ്ങളും ഫെഡറൽ നിയമപാലകരും ശാന്തത പാലിക്കണമെന്ന് പൊലീസ് മേധാവി അഭ്യർഥിച്ചു. രണ്ടാഴ്ച മുമ്പ് ജനുവരി 7 ന് ഒരു ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ് 37കാരിയായ റെനി ഗുഡ് കൊല്ലപ്പെട്ടിരുന്നു.ഇതിന് പിന്നാലെ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ സംഭവം.
സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മിനസോട്ട ഡെമോക്രാറ്റിക് ഗവർണർ ടിം വാൾസ് രംഗത്തെത്തി. വെടിവയ്പ്പിന് ശേഷം വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെച്ച അദ്ദേഹം ആഭ്യന്തര സുരക്ഷാ വകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് നടപടി അവസാനിപ്പിക്കണമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. മിനസോട്ടയിൽ നിന്ന് ആയിരക്കണക്കിന് അക്രമാസക്തരും പരിശീലനം ലഭിക്കാത്തവരുമായ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു.