ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ ഹർജിയുമായി പാക് സർക്കാർ. സുപ്രിംകോടതി ഉത്തരവ് നിയമപരിധിക്കുള്ളിൽ നിലനിൽക്കുന്നതല്ലെന്ന് നിയമമന്ത്രി അസാം നസീർ തരാർ വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു. തടവുപുള്ളിയ്ക്ക് ജയിലിനുള്ളിലോ,സർക്കാർ സംവിധാനത്തിലോ ആണ് ചികിത്സ ഉറപ്പാക്കേണ്ടതെന്നും അറിയിച്ചു.
ഇമ്രാൻ ഖാൻ്റെ പരിശോധനകൾ സ്വകാര്യ ആശുപത്രിക്ക് പകരം സർക്കാർ ആശുപത്രിയിൽ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇമ്രാൻ ഖാനെ 48 മണിക്കൂറിനകം ഷിഫ ഇൻ്റനാഷണൽ ആശുപത്രിയിലേക്ക് മാറ്റണമെന്നും സെപ്റ്റംബർ വരെ അവിടെ ചികിത്സ ഉറപ്പാക്കണമെന്നും ആയിരുന്നു സുപ്രീംകോടതി ഉത്തരവ്. ആരോഗ്യനില വഷളായതിനാലാണ് ഇമ്രാൻ ഖാനെ ജയിലിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും ചികിത്സയ്ക്കും മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനും കോടതി നിർദേശം നൽകിയിരുന്നു. ഇമ്രാൻ ഖാന്റെ സഹോദരിയായ ഡോ. ഉസ്മ ഖാനെ ഈ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ജയിൽവാസത്തിനിടെ കഴിഞ്ഞവർഷം മുതൽ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായെന്നാണ് കുടുംബം പറയുന്നത്.
അദ്ദേഹത്തെ മികച്ച ചികിത്സ നൽകാൻ ആശുപത്രിയിലേക്ക് മാറ്റണമെന്നത് അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്റീകെ ഇൻസാഫ്(പിടിഐ) പാർട്ടിയും കുടുംബവും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. 2022-ൽ അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ വിവിധ കേസുകളിൽ ഇമ്രാൻ ഖാനെ ശിക്ഷിച്ചത്. 2023 ആഗസ്റ്റ് മുതൽ അദ്ദേഹം തടവിൽ കഴിഞ്ഞുവരികയാണ്.