ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടെ, പൊലീസ് തങ്ങളെ മര്‍ദിച്ചെന്ന് ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍. ഇമ്രാന്‍ ഖാനെ കാണണമെന്ന് ആവശ്യപ്പെട്ടതിനാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചതെന്ന് ഇമ്രാന്‍ ഖാന്റെ മൂന്ന് സഹോദരിമാര്‍ ആരോപിച്ചു.
റാവല്‍പിണ്ടിയിലെ അഡ്യാല ജയിലിന് മുന്നില്‍ ഈ ആഴ്ചയാദ്യം ഇമ്രാന്‍ ഖാനെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച സഹോദരിമാരായ നൊറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവരെയും തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാക്കളെയും മര്‍ദിച്ചെന്നാണ് പരാതി.
മൂന്നാഴ്ചയായി ഇമ്രാന്‍ ഖാനെ കാണാന്‍ സഹോദരിമാരെ അനുവദിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകരും സഹോദരിമാരും ജയിലിന് മുന്നില്‍ എത്തി പ്രതിഷേധിച്ചത്.
'ഞങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിച്ചത്. റോഡുകള്‍ ബ്ലോക്ക് ചെയ്യുകയോ പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. മറ്റൊരു നിയമവിരുദ്ധ പ്രവര്‍ത്തനവും ചെയ്തിട്ടുമില്ല. എന്നിട്ടും ഒരു മുന്നറിയിപ്പോ പ്രകോപനമോ കൂടാതെ പ്രദേശത്തെ തെരുവ് വിളക്ക് അണയ്ക്കുകയും വിഷയം ഇരുട്ടിലേക്ക് മാറ്റുകയും പഞ്ചാബ് പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു,' നൊറീന്‍ പറഞ്ഞു.
71ാം വയസില്‍ എന്റെ മുടി പിടിച്ച് വലിക്കപ്പെടുകയും ഗ്രൗണ്ടിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്‌തെന്ന് നൊറീന്‍ പറഞ്ഞു.
2023 ഓഗസ്റ്റ് മുതല്‍ പല കേസുകളിലായി ഇമ്രാന്‍ ഖാന്‍ ജയിലിലാണ്. ഒരു മാസത്തോളമായി ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ അനുവദിച്ചിട്ടില്ല. ഇതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ മരണപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.