

ന്യൂഡല്‍ഹി: ബിജെപി ചായ്‌വ് പ്രകടിപ്പിക്കുന്നതിനിടെ വീണ്ടും കോണ്‍ഗ്രസിനെ വെട്ടിലാക്കി എംപി ശശി തരൂര്‍. പ്രത്യയശാസ്ത്രപരമായ ശുദ്ധതയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നാണ് കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞത്. പ്രത്യയശാസ്ത്രപരമായ ശുദ്ധതയ്ക്ക് വേണ്ടി എതിര്‍ ചേരിയിലുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ആ പാര്‍ട്ടി അധികാരത്തില്‍ വരും. അതുകൊണ്ട് അവരുമായി ഒരുതരത്തിലും യോജിക്കില്ലെന്ന് പറയുന്നത് ശരിയല്ല. ആശയപരമായ വിയോജിപ്പുകളുണ്ടായാലും കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചേ മുന്നോട്ട് പോകാന്‍ കഴിയൂ എന്നും ശശി തരൂര്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതി എതിര്‍ത്തടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
താന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ അടുത്തിടെ പിഎം ശ്രീ പദ്ധതി ഉപേക്ഷിച്ചു. ആശയപരമായ ശുദ്ധതയുടെ പിറകെ പോയിട്ടാണ് അത് ചെയ്തത്. പക്ഷെ യഥാര്‍ഥത്തില്‍ അത് ആവശ്യമുള്ള പണമല്ലേ. എല്ലാവരും നികുതി അടയ്ക്കുന്നതല്ലേ എന്നും ശശി തരൂര്‍ പറഞ്ഞു. കേന്ദ്രം ഒരു പദ്ധതിയുമായി വന്നിട്ട് ഇത് ചെയ്താല്‍ മാത്രമേ പണം തരൂ എന്ന് പറഞ്ഞാല്‍, അത് ചര്‍ച്ച ചെയ്ത് എങ്ങനെ നടപ്പിലാക്കാമെന്ന് നോക്കുകയല്ലേ ചെയ്യുക എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് അടക്കം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സിപിഐയുടെയും പ്രതിപക്ഷത്തിന്റേയും വിമര്‍ശനങ്ങളുടെ ഫലമായാണ് പിഎം ശ്രീ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയത്. എന്നാല്‍ നിലവില്‍ തരൂര്‍ നടത്തിയത് കോണ്‍ഗ്രസിനെ കൂടി വെട്ടിലാക്കുന്ന പരാമര്‍ശമാണ്.
നേരത്തെ ട്രംപ്-മംദാനി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇങ്ങനെയാകണം ജനാധിപത്യം എന്ന് തരൂര്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. വിയോജിപ്പുകള്‍ തെരഞ്ഞെടുപ്പിന് മുമ്പാകണമെന്നും അത് കഴിഞ്ഞാല്‍ രാജ്യ നന്മയ്ക്കായി ഒന്നിച്ചു നില്‍ക്കണമെന്നുമാണ് ട്രംപ്-മംദാനി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്.
ശശി തരൂരിന്റെ വാക്കുകള്‍
എതിര്‍ ആശയങ്ങളുമായി ചില സമയങ്ങളില്‍ നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടി വരും. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഒരു രാഷ്ട്രീയ ശുദ്ധത ആവശ്യപ്പെടുന്നതാണ് പ്രശ്‌നം. അതുകൊണ്ട് എതിര്‍ ചേരിയിലുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയോ അതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്യില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞതിനെ ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പ്രശംസിച്ച് സംസാരിച്ചുവെന്നാണ് പറഞ്ഞത്. ഞാന്‍ ഒരു വാക്കില്‍ പോലും അദ്ദേഹത്തെ പ്രശംസിച്ചിട്ടില്ല. പ്രസംഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. പക്ഷെ അതുപോലെ ഒരു സാഹചര്യമാണ് നമ്മുടെ രാജ്യത്ത് ഇപ്പോഴുള്ളത്.
ആളുകള്‍ ആശയപരമായ ശുദ്ധതയില്‍ മാത്രമാണ് ഊന്നല്‍ കൊടുക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ക്ക് ഒന്നും നേടാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ സര്‍ക്കാര്‍ ഉണ്ടാക്കും. നിങ്ങളുടെ സംസ്ഥാനത്ത് നിങ്ങള്‍ ജയിച്ചാല്‍ സര്‍ക്കാര്‍ ഉണ്ടാക്കും. പക്ഷെ കേന്ദ്രവുമായി സഹകരിക്കാതെ എന്താണ് ചെയ്യാന്‍ സാധിക്കുക?
എനിക്ക് ഭരിക്കുന്ന സര്‍ക്കാരുമായി വിയോജിപ്പുകളുണ്ടാകാം. പക്ഷെ അവരാണ് ഭരിക്കുന്ന പാര്‍ട്ടി എന്നതുകൊണ്ട് തന്നെ അവരുമായി എനിക്ക് സഹകരിച്ചല്ലേ പറ്റൂ. ഒരു പദ്ധതിയുമായി അവര്‍ വന്നിട്ട് ഇത് ചെയ്താല്‍ മാത്രമേ പണം തരൂ എന്ന് അവര്‍ പറഞ്ഞാല്‍, ഞാന്‍ അത് ചര്‍ച്ച ചെയ്ത് എങ്ങനെ നടപ്പിലാക്കാമെന്ന് നോക്കുകയല്ലേ ചെയ്യുക. പണം വേണം കാരണം, ജനങ്ങള്‍ക്ക് ആ പണം വേണമല്ലോ. അത്തരത്തില്‍ ഒരു സഹകരണം അത്യാവശ്യമാണ്.
കേരളത്തില്‍ അടുത്തിടെ പിഎം ശ്രീ പദ്ധതി ഉപേക്ഷിച്ചു. ആശയപരമായ ശുദ്ധതയുടെ പിറകെ പോയിട്ടാണ് അത് ചെയ്തത്. പക്ഷെ യഥാര്‍ഥത്തില്‍ അത് ആവശ്യമുള്ള പണമല്ലേ. ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനോയോഗിക്കേണ്ട. ആശയപരമായ ശുദ്ധതയ്ക്ക് വേണ്ടി അത് വേണ്ടെന്ന് പറയേണ്ടതില്ലല്ലോ. നമ്മള്‍ ടാക്‌സ് അടയ്‌ക്കേണ്ടതാണ്. അത് നമ്മുടെ പണമാണല്ലോ.