ആപ്പിൾ ഐഫോൺ 
WORLD

ചൈനയെ മറികടന്നു; യുഎസിലേക്ക് ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാമതായി ഇന്ത്യ

ഏപ്രിലിൽ ഇന്ത്യയിൽ നിർമിച്ച ഏകദേശം മൂന്ന് ദശലക്ഷം ഐഫോണുകൾ യുഎസിലേക്ക് കയറ്റി അയച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

യുഎസിലേക്ക് ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാമതായി ഇന്ത്യ. ചൈനയെ മറികടന്നതോടെയാണ് ഇന്ത്യ യുഎസിലേക്ക് ആപ്പിൾ ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാമതെത്തിയത്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യ ഒന്നാമതെത്തിയത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിലിൽ ഇന്ത്യയിൽ നിർമിച്ച ഏകദേശം മൂന്ന് ദശലക്ഷം ഐഫോണുകൾ യുഎസിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. താരതമ്യം ചെയ്യുമ്പോൾ, ചൈനയിൽ നിന്നുള്ള ഫോൺ കയറ്റുമതി 76 ശതമാനത്തോളം വൻതോതിൽ ഇടിഞ്ഞ് വെറും 900,000 യൂണിറ്റായി.

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ യുഎസിലേക്ക് ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാമതായതെന്ന റിപ്പോ‍ർട്ട് പുറത്തുവരുന്നത്. ഐഫോണുകൾ യുഎസിന് പുറത്ത് നിർമിച്ചാൽ ഇറക്കുമതി തീരുവ 25 ശതമാനം ആക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇന്ത്യയിലല്ല എവിടെ നിർമിച്ചാലും തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

യുഎസിൽ വിൽക്കപ്പെടുന്ന ഐഫോണുകൾ അവിടെ നിർമിച്ചതാകണമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് പറഞ്ഞിരുന്നതാണെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ യൂണിയന് 50 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണി ഉയർത്തിയിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് താരിഫ് ചുമത്തി തുടങ്ങുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 20 ശതമാനം താരിഫ് ജൂലൈ എട്ട് വരെ 10 ശതമാനമായി കുറച്ചിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്.

എന്നാൽ ഇത്തരത്തിലുള്ള വ്യാപാര പ്രതിസന്ധിക്ക് ആപ്പിൾ വർഷങ്ങളായി തയ്യാറെടുക്കുകയാണെന്ന് റിപ്പോ‍ർട്ട് അവതരിപ്പിച്ചുകൊണ്ട് ഓംഡിയയിലെ ഗവേഷണ മാനേജർ ലെ ഷുവാൻ ച്യൂ പറഞ്ഞു. ആപ്പിൾ പ്രതിവർഷം 220 ദശലക്ഷത്തിലധികം ഐഫോണുകൾ വിൽക്കുന്നുണ്ടെന്നും, അതിന്റെ ഏറ്റവും വലിയ വിപണികൾ യുഎസ്, ചൈന, യൂറോപ്പ് എന്നിവരാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

SCROLL FOR NEXT