ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ട് ശക്തിപ്പെടുത്താനുള്ള നീക്കത്തെ പ്രതീക്ഷയോടെ കാണാൻ ഇന്ത്യൻ ജനതയെ പ്രേരിപ്പിക്കുന്നതായി ചൈനയിൽ നടന്ന സഹകരണ ഉച്ചകോടി. ഏഷ്യൻ രാജ്യങ്ങളുടെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്താനും ഭീകരവാദത്തെ ചെറുക്കാനുമുള്ള ആഹ്വാനം വിജയം കണ്ടു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഏറ്റവും വലിയ വിജയവും അതുതന്നെയാണ്.
ഭീകരതയോട് ഇരട്ടത്താപ്പ് പാടില്ലെന്ന് പഹൽഗാം ആക്രമണം എടുത്തുകാട്ടി ഇന്ത്യൻ പ്രധാനമന്ത്രിക്ക് അവതരിപ്പിക്കാനായതും ഉച്ചകോടിയിൽ ഇന്ത്യയുടെ നേട്ടമാണ്. എസ് സി ഒ എന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മാ ഉച്ചകോടിക്ക് പുതിയ വ്യാഖ്യാനം തന്നെ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. എസ് ഫോർ സെക്യൂരിറ്റി. സി ഫോർ കണക്ടിവിറ്റി, ഒ ഫോർ ഓപ്പർച്യൂനിറ്റി. അതായത് സുരക്ഷയും ബന്ധവും അവസരങ്ങളും വളർത്തുകയെന്ന ലക്ഷ്യമാണ് സഹകരണ ഉച്ചകോടിയുടെ ലക്ഷ്യമെന്ന ഇന്ത്യൻ നയതന്ത്ര നിലപാടിനെ ഉയർത്തിപ്പിടിക്കാൻ ഉച്ചകോടിയിൽ സാധിച്ചുവെന്നതാണ് പ്രധാന നേട്ടം.
ലോക രാഷ്ട്ര തലവന്മാരും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമുള്ള വേദിയിൽ ഭീകരവാദത്തിനെതിരായ നിലപാട് പ്രഖ്യാപിക്കാനും പഹൽഗാം ഭീകരാക്രമണത്തെ പരാമർശിക്കാൻ സാധിച്ചതും ഇന്ത്യയുടെ വിജയമായി. യുക്രൈനിൽ സമാധാനം പുലരണമെന്നും റഷ്യ വെടിനിർത്തലും സമാധാനവും ഉറപ്പുവരുത്തണമെന്നും പുടിനുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇന്ത്യ ഉന്നയിച്ചു. ബലൂച് മേഖലയിലെ സുരക്ഷാപ്രശ്നങ്ങളേയും ഭീകരാക്രമണങ്ങളേയും ഉച്ചകോടി അപലപിക്കുകയും ചെയ്തു.
ചൈനയുമായുള്ള അതിർത്തി സമാധാനം, സാമ്പത്തിക സഹകരണം എന്നിവയിൽ ദിശാമാറ്റം തന്നെ നൽകുന്നതായി ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച. ട്രംപ് അധികാരത്തിൽ വന്ന ശേഷമുള്ള യുഎസ് അപ്രമാദിത്വനീക്കത്തിനുള്ള രാഷ്ട്രീയ മറുപടി കൂടിയാണ് ടിയാൻജിനിൽ നടന്ന ഉച്ചകോടി. പകരച്ചുങ്കത്തിലും മറ്റ് തീരുവകളിലും ലോക സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന അമേരിക്കൻ നീക്കത്തിനുള്ള തടയിടലായി വേണം ചൈന-റഷ്യ-ഇന്ത്യ സഹകരണ നീക്കം ശക്തിപ്പെടുത്താനുള്ള മുന്നോട്ടുപോക്കിനെ കാണാൻ. അതിന്റെ പുരോഗതിയെന്താകുമെന്നത് കാത്തിരുന്ന് കാണാം.