വാഷിങ്ടണ്‍: ഗാസയിലെ യുദ്ധത്തില്‍ ജയിച്ചേക്കാമെങ്കിലും പബ്ലിക്ക് റിലേഷന്‍സ് ലോകത്ത് ഇസ്രയേല്‍ ലോബിക്ക് പരിക്കേല്‍ക്കുന്നതായി യുഎസ് പ്രസിഡനറ് ഡൊണാള്‍ഡ് ട്രംപ്. ഡെയ്‌ലി കോളറിന്റെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് റീഗന്‍ റിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം.
ഇസ്രയേല്‍ ലോബിക്ക് യുഎസ് കോണ്‍ഗ്രസിനുള്ളിലെ പിന്തുണ കഴിഞ്ഞ 15 വർഷത്തിനിടയില്‍ ഇടിവുണ്ടായതായും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ലോബിയായിരുന്നു ഇസ്രയേൽ എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ആ ശക്തിക്ക് ഇപ്പോള്‍ പരിക്കേറ്റിരിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള സംഘർഷങ്ങളില്‍ ഇസ്രയേലിന് വേണ്ടിയുള്ള തന്റെ ഇടപെടലുകള്‍ അഭിമുഖത്തില്‍ എടുത്തുകാട്ടുന്നുണ്ട് ട്രംപ് . "നിങ്ങൾ 20 വർഷം പിന്നോട്ട് പോയിനോക്കൂ. ഇസ്രയേലിന് കോൺഗ്രസിനുള്ളില്‍ ഏറ്റവും ശക്തമായ ഒരു ലോബി ഉണ്ടായിരുന്നുവെന്ന് ഞാൻ നിങ്ങളോട് പറയും. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ലോബി ഇസ്രയേലിന്റേതായിരുന്നു. ഇന്ന്, അവർക്ക് അത്ര ശക്തമായ ഒരു ലോബി ഇല്ല. അത് അതിശയകരമാണ്," ട്രംപ് പറഞ്ഞു.
'മാർച്ച് പ്യൂ' പോളിനെ അടിസ്ഥാനമാക്കിയായിരുന്നു റീഗന്‍ റീസിന്റെ ചോദ്യങ്ങള്‍. ഈ പോള്‍ പ്രകാരം, സർവേയിൽ പങ്കെടുത്ത പ്രായപൂർത്തിയായ യുഎസ് പൗരരില്‍ 53 ശതമാനം പേർക്ക് ഇസ്രയേല്‍ വിരുദ്ധ നിലപാടാണുള്ളത്. 2022ല്‍ ഇത് 42 ശതമാനമായിരുന്നു. 50 വയസിന് താഴെ പ്രായമുള്ള റിപ്പബ്ലിക്കന്മാരില്‍ 50 ശതമാനവും ഇസ്രയേല്‍ അനുകൂല വീക്ഷണമല്ലയുള്ളത്. മാഗയ്ക്കുള്ളിലെ യുവാക്കളും ഇസ്രയേലിന് ട്രംപ് നല്‍കുന്ന പിന്തുണയില്‍ സംശയാലുക്കളാണെന്ന് അറിയാമോയെന്ന് സർവേ ഫലങ്ങള്‍ അടിസ്ഥാനമാക്കി റീഗന്‍ ട്രോപിനോട് ചോദിച്ചു.
ഈ വസ്തുതകള്‍ റീഗന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യങ്ങള്‍ തനിക്ക് അറിയാം എന്നായിരുന്നു ട്രംപിന്റെ മറുപടി. ശേഷം താന്‍ ഇസ്രയേലിനായി ചെയ്ത കാര്യങ്ങള്‍ യുഎസ് പ്രസിഡന്റ് എടുത്തുപറഞ്ഞു. ഒരു രാഷ്ട്രീയക്കാരനാകണമെങ്കിൽ മോശമായി സംസാരിക്കാൻ പാടില്ലാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സകല "ഭ്രാന്തന്മാരും" ചേർന്ന് അതൊക്കെ മാറ്റി. ആളുകള്‍ ഓക്ടോബർ ഏഴ് മറന്നുപോയിരിക്കുന്നു. ഒക്ടോബർ 7 ശരിക്കും ഭയാനകമായ ഒരു ദിവസമായിരുന്നുവെന്നും താന്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അടുത്തിടെയാണ്, ട്രംപിന്റെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ജോർജിയ റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ, ഇസ്രയേൽ ഗാസയിൽ "വംശഹത്യ" നടത്തുകയാണെന്ന് പരസ്യമായി പ്രസ്താവിച്ചത്. ട്രംപിന്റെ മറ്റൊരു വിശ്വസ്തന്‍ സ്റ്റീവൻ ബാനൻ ഇസ്രയേല്‍ യുഎസിന്റെ സഖ്യകക്ഷിയല്ലെന്നും ബെഞ്ചമിൻ നെതന്യാഹു ക്യാംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പ്രഖ്യാപിച്ചിരുന്നു.