ബെർലിൻ: ഇന്ത്യൻ വിദ്യാർഥിക്ക് ജർമനിയിൽ ദാരുണാന്ത്യം. 25കാരനായ തെലങ്കാന സ്വദേശി ഹൃതിക് റെഡി അപ്പാർട്ട്മെൻ്റിലെ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃതിക്കിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പുതുവത്സര ദിനത്തിലാണ് ഹൃതിക്കിന് അപകടം സംഭവിച്ചത്. പുതുവത്സര ദിനത്തിൽ ജർമനിയിൽ ഹൃതിക്ക് താമസിക്കുന്ന അപ്പാർട്ട്മെൻ്റിൽ വലിയ തീപിടിത്തമുണ്ടായി. ഇതിൽ നിന്ന് രക്ഷപ്പെടാൻ ഹൃതിക്ക് കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു.
യൂറോപ്പ് സർവകലാശാലയിൽ നിന്ന് എംഎസ് ബിരുദം നേടുന്നതിനായി 2023 ജൂണിലാണ് ഹൃതിക് റെഡി ജർമനിയിലെ മാഗ്ഡെബർഗിലെത്തിയത്. തെലങ്കാന ജങ്കാവ് ജില്ലയിലെ മൽകാപൂർ ഗ്രാമത്തിൽ നിന്നുള്ള ഹൃതിക് ജനുവരി രണ്ടാം ആഴ്ച സംക്രാന്തി ഉത്സവത്തിന് നാട്ടിലെത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്. ഹൃതിക്കിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.