ബെഞ്ചമിന്‍ നെതന്യാഹു 
WORLD

നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് പിന്‍വലിക്കാനാവില്ല; ഇസ്രയേലിന്റെ അഭ്യര്‍ഥന തള്ളി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

പലസ്തീന്‍ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഐസിസിക്ക് അധികാരപരിധിയില്ലെന്ന ഇസ്രയേലിന്റെ വാദം പ്രീ ട്രയല്‍ ചേംബര്‍ തള്ളി.

Author : ന്യൂസ് ഡെസ്ക്

ഇസ്താംബുള്‍: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് തള്ളണമെന്ന ഇസ്രയേലിന്റെ അഭ്യര്‍ഥന തള്ളി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി). നെതന്യാഹുവിനും, മുൻ പ്രതിരോധ മന്ത്രി യോവ്​ ഗാലന്റിനുമെതിരായ അറസ്റ്റ് വാറന്റ് പിന്‍വലിക്കണമെന്നതിനൊപ്പം, അധിനിവേശ പലസ്തീനിലെ യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് നടക്കുന്ന അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന അഭ്യര്‍ഥനയും ഐസിസി നിരസിച്ചു. പലസ്തീന്‍ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഐസിസിക്ക് അധികാരപരിധിയില്ലെന്ന ഇസ്രയേലിന്റെ വാദം പ്രീ ട്രയല്‍ ചേംബര്‍ തള്ളി. കേസില്‍ അപ്പീല്‍ ചേംബറിന്റെ ഉത്തരവ് കോടതിയുടെ അധികാരപരിധിയെ ദുർബലപ്പെടുത്തുന്നതായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ചേംബര്‍ വ്യക്തമാക്കി.

റോം ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 19 (7) പ്രകാരം, കേസിന്റെ സ്വീകാര്യതയെ ഒരു രാജ്യം ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് അന്വേഷണം നിര്‍ത്തിവയ്ക്കേണ്ടത്. ഇസ്രയേല്‍ അത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ലെന്ന് പ്രീ ട്രയല്‍ ചേംബര്‍ ചൂണ്ടിക്കാട്ടി. കേസില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ പലസ്തീന് നല്‍കുന്ന അവസരം നിഷേധിക്കണമെന്ന ഇസ്രയേല്‍ അഭ്യര്‍ഥനയും ചേംബര്‍ നിരസിച്ചു. കേസുമായി ബന്ധപ്പെട്ട മതിയായ വിവരങ്ങള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സബ്‌മിഷനുകളുടെ ആവശ്യമില്ലെന്നും ചേംബര്‍ വ്യക്തമാക്കി.

റോം ചട്ടം പ്രകാരം പലസ്തീന്‍ ഒരു സ്റ്റേറ്റ് പാര്‍ട്ടി ആണെന്നും, ഗാസയും വെസ്റ്റ് ബാങ്കും 1967 മുതല്‍ ഇസ്രയേല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഈസ്റ്റ് ജെറുസലേമും ഉള്‍പ്പെടെ കോടതിയുടെ അധികാരപരിധിയിലാണെന്നും 2021 ഫെബ്രുവരി അഞ്ചിന് ഐസിസി വിധിച്ചിരുന്നു. 2021 മാര്‍ച്ച് മൂന്നിനാണ് പലസ്തീനിലെ സ്ഥിതിഗതികളില്‍ ഐസിസി പ്രോസിക്യൂട്ടര്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചത്. 2024 സെപ്റ്റംബര്‍ 23ന് റോം ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 19 (2) പ്രകാരം കോടതിയുടെ അധികാര പരിധിയെ ഇസ്രയേല്‍ ചോദ്യം ചെയ്തു.

അന്വേഷണം പുരോഗമിക്കവെ, 2024 നവംബര്‍ 21ന് ഐസിസിയുടെ പ്രീ ട്രയല്‍ ചേംബര്‍ നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇസ്രയേലിന്റെ എതിര്‍പ്പ് അപക്വവും അനവസരത്തിലുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി തള്ളുകയും ചെയ്തു. എന്നാല്‍, ഇസ്രയേലിന്റെ അപേക്ഷ തള്ളിയ നടപടി റദ്ദാക്കിയ അപ്പീല്‍ ചേംബര്‍ കേസ് പ്രീ ട്രയല്‍ ചേംബറിലേക്ക് തിരികെ റഫര്‍ ചെയ്തു. അതിലാണ് ഇപ്പോള്‍ തീരുമാനം വന്നിരിക്കുന്നത്.

ഗാസയിലെ ജനതയുടെ കൂട്ടക്കുരുതിയും, ആശുപത്രി ഉള്‍പ്പെടെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ത്തതടക്കമുള്ള യുദ്ധക്കുറ്റങ്ങളും മുന്‍നിര്‍ത്തിയാണ് നെതന്യാഹു, ഗാലന്റ് എന്നിവര്‍ക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പലസ്തീനിലെത്തി അന്വേഷണം നടത്തിയ ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നാലെ, പ്രീ ട്രയൽ ചേംബർ ഒന്നിലെ മൂന്ന്​ ജഡ്‌ജിമാരും ഐകകണ്ഠ്യേനയാണ് വാറന്റില്‍ തീരുമാനമെടുത്തത്. ഹമാസ്​ നേതാവ്​ മുഹമ്മദ്​ ദയ്‌ഫിനും അറസ്റ്റ്​ വാറന്റുണ്ടായിരുന്നു. എന്നാല്‍ ദയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അറിയിച്ചിരുന്നു.

നെതന്യാഹുവും ഗാലന്റും ഗാസയില്‍ ആസൂത്രിത അക്രമങ്ങളും, കൂട്ടുക്കുരുതിയും നടപ്പാക്കിയെന്ന വിലയിരുത്തലിലാണ് ഐസിസി ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐസിസി അംഗ രാജ്യങ്ങളില്‍ നേതാക്കള്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാനാകും. തുടര്‍ന്ന് ഹേഗിലെ ഐസിസി ആസ്ഥാനത്ത് എത്തിച്ച് വിചാരണ നടത്തണമെന്നുമാണ് ചട്ടം. എന്നാല്‍, ഇസ്രയേല്‍ ഐസിസിയെ അംഗീകരിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ അത്രത്തോളം സുഗമമാവില്ല.

SCROLL FOR NEXT