ടെഹ്റാൻ: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്. രാജ്യവ്യാപകമായി പ്രതിഷേധങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുകയും ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെടുകയും ചെയ്തു. നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവി ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പുതിയ സംഘര്‍ഷങ്ങള്‍.
രാജഭരണം തിരിച്ചുവരണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രക്ഷോഭകരുടെ പ്രതിഷേധം. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ പുറത്താക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. ഇതുവരെയുള്ള സംഘര്‍ഷങ്ങളില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 2260ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
സംഘര്‍ഷങ്ങള്‍ക്കിടെ റെസ പഹ്ലവി അടുത്തയാഴ്ച മാര്‍ എ ലാഗോയില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഇറാന്‍ ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാല്‍ ശക്തമായ തിരിച്ചടി യുഎസ് നല്‍കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്പ്പ് നടത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഡിസംബര്‍ 28 നാണ് ഇറാനില്‍ ഭരണ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.