ഇറാൻ തങ്ങളുടെ സമ്പുഷ്ട യുറേനിയം വിതരണം കൈമാറാൻ സമ്മതിച്ചതായും ഇരു രാജ്യങ്ങളും ഒരു സമാധാന കരാറിന് അടുത്താണ് എന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വളരെ വിജയകരമായിരുന്നുവെന്നും കരാർ യാഥാർഥ്യമായാൽ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും എല്ലാം ശരിയാകുമെന്നും ട്രംപ് പറഞ്ഞു. ഇസ്ലാമാബാദിൽ കരാർ ഒപ്പിട്ടാൽ താൻ പാകിസ്ഥാനിലേക്ക് പോകുമെന്നും ട്രംപ് അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യത്തിൽ ഇത് സംബന്ധിച്ച് ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. അന്ന് സമ്പുഷ്ട യുറേനിയത്തിൻ്റെ അവകാശം ടെഹ്‌റാൻ ഉപേക്ഷിക്കാൻ വിസമ്മതിച്ചിരുന്നു. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് മരവിപ്പിക്കാനായിരുന്നു യുഎസിൻ്റെ നിർദേശം. എന്നാൽ അഞ്ച് വർഷത്തേക്ക് മാത്രമേ അത് നടപ്പിലാക്കുവാനാകൂ എന്ന് ഇറാൻ വ്യക്തമാക്കിയതായി ന്യൂയോർക്ക് ടൈംസും വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു.
നേരത്തെ, യുറേനിയം സമ്പുഷ്ടീകരണം അഞ്ച് വർഷത്തേക്ക് നിർത്തിവയ്ക്കാമെന്ന് ടെഹ്‌റാൻ നിർദേശം മുന്നോട്ടു വച്ചിരുന്നുവെങ്കിലും ട്രംപ് ഭരണകൂടം ആ നിർദേശം നിരസിക്കുകയായിരുന്നു. ആണവായുധ ശേഷി കൈവരിക്കുന്നതിനുള്ള വഴിയൊരുക്കുമെന്ന ആശങ്കകൾക്കിടയിലും, ഇറാൻ എല്ലാ ആഭ്യന്തര സമ്പുഷ്ടീകരണവും ശാശ്വതമായി അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിൻ്റെ ആവശ്യം.
അതേസമയം, ഇസ്രയേൽ - ലെബ്നൻ വെടിനിർത്തൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ സമാധാന ആഹ്വാനവുമായി ട്രംപ്. ഈ സുപ്രധാന കാലയളവിൽ ഹെസ്ബൊള്ള മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് അറിയിച്ചു. ഇനി കൊലപാതകങ്ങൾ വേണ്ടെന്നും സമാധാനമാണ് പ്രധാനമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ ആണവായുധം നിർമിച്ചാൽ ലോകം അപകടത്തിലാകുമെന്ന് മാർപാപ്പ മനസ്സിലാക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ കുറിച്ചു. 'മാർപാപ്പയ്ക്ക് ലോകത്തെ പ്രശ്നങ്ങളെ കുറിച്ച് ഇഷ്ടമുള്ളത് പറയാം, പക്ഷെ യാഥാർഥ്യങ്ങൾ മനസ്സിലാക്കണം. ഈ ലോകം അങ്ങേയറ്റം ക്രൂരമാണെന്ന് മാർപ്പാപ്പ മനസിലാക്കണം'. മാർപ്പാപ്പയുമായി വാക്പോരിന് ഇല്ലെന്നും, വ്യക്തിപരമായ എതിർപ്പുകളില്ലെന്നും ട്രംപ് വ്യക്തമാക്കി.