ഹോർമുസ് അടച്ച് ഇറാൻ, ബോംബ് ആക്രമണവുമായി യുഎസ് 
WORLD

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; ഹോർമുസ് അടച്ച് ഇറാൻ, ബോംബ് ആക്രമണവുമായി യുഎസ്

ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് യുഎസ് ഇറാനിൽ നടത്തുന്നതെന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. പ്രധാന ചരക്കു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ അതിശക്തമായ ബോംബ് ആക്രമണമാണ് യുഎസ് ഇറാനിൽ നടത്തുന്നതെന്നാണ് റിപ്പോർട്ട്.

ഹോർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുഎസ്. ഇറാൻ്റെ തെക്കൻ തീരത്തെ പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്ർ, ബുഷെഹർ, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അനുവാദമില്ലാത്ത വഴിയിൽ കൂടി ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലിനെ ഐആർജിസി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. തിരിച്ചടിച്ചാൽ കടുത്ത ആഘാതമുണ്ടാകുമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ഹോർമുസ് കടലിടുക്കിലെ കപ്പൽനീക്കവുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച ഒമാനിലെത്തിയിരുന്നു. ഈ ചർച്ച നടക്കുന്നതിനിടെയാണ് ഹോർമുസ് അടച്ചിട്ടതായി ഇറാൻ പ്രഖ്യാപിച്ചത്.

കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനാൽ ജൂൺ 17-ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ അവസാനിച്ചെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ദൗത്യവുമായി ഖത്തർ പ്രതിനിധി സംഘം വെള്ളിയാഴ്ച ഇറാനിലെത്തിയിട്ടുണ്ട്. വിവിധ മധ്യസ്ഥ രാജ്യങ്ങൾ ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാൻ തിരക്കിട്ട നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് വീണ്ടും സംഘർഷം രൂക്ഷമായിരിക്കുന്നത്.

SCROLL FOR NEXT