ഇറാന്റെ എയ്റോസ്പേസ് കമാൻഡർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റെവല്യൂഷണറി ഗാർഡ്. വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ബ്രിഗേഡിയർ ജനറൽ അമീർ അലി ഹാജിസാദെ കൊല്ലപ്പെട്ടതായാണ് ഇറാന്‍ സ്ഥിരീകരിച്ചത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ബ്രിഗേഡിയർ ജനറൽ ഹാജിസാദെ കൊല്ലപ്പെട്ടത്. ഇറാന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമുള്ള ഹാജിസാദെയുടെ ബുദ്ധിപരവും അക്ഷീണവുമായ ശ്രമങ്ങളെ റെവല്യൂഷനറി ഗാർഡ് തങ്ങളുടെ പ്രസ്താവനയില്‍ അനുസ്മരിച്ചു.
ഇസ്രയേല്‍ ഭരണകൂടത്തിനും അവരെ പിന്തുണയ്ക്കുന്ന പ്രാദേശികയും വൈദേശികവുമായ ശക്തികള്‍ക്കും ഉചിതമായ മുന്നറിയിപ്പ് നല്‍കുമെന്നും ഐആർജിസി മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 78 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 329 പേർക്കാണ് പരിക്കേറ്റത്.
ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ആണവോർജ സംഘടനയുടെ മുന്‍ മേധാവിയുമായ ഫെറെയ്ദൂന്‍ അബ്ബാസി, ആണവ ശാസ്ത്രജ്ഞനും തെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയുടെ പ്രസിഡൻ്റുമായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവർ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഈ 'കുറ്റകൃത്യത്തിന്' കഠിനമായ ശിക്ഷ ഇസ്രയേല്‍ പ്രതീക്ഷിക്കണം എന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നറിയിപ്പ്. ഐഡിഎഫിനൊപ്പം, ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദും ഇറാൻ്റെ തന്ത്രപ്രധാനമായ മിസൈൽ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും അട്ടിമറി പ്രവർത്തനങ്ങള്‍ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളോട് നൂറ് കണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയാണ് ഇറാന്‍ മറുപടി നല്‍കിയത്. മറുപടിയായി ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങള്‍ ഇസ്രയേലും ആക്രമിച്ചു. ഇസ്രയേലിന്റെ ധിക്കാരപരമായ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ നിശബ്ദത പാലിക്കില്ലെന്നായിരുന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രതികരണം. രാജ്യത്തെ അഭിസംബോധന ചെയ്ത പെസഷ്കിയാന്‍ ഇറാനികൾ ഐക്യത്തോടെ തുടരാനും സർക്കാരിന് പിന്നിൽ അണിനിരക്കാനും അഭ്യർത്ഥിച്ചു.
അതേസമയം, മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പലസ്തീൻ കോൺഫാബ് മാറ്റിവെച്ചു. പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ഫ്രാൻസ്-സൗദി നേതൃത്വത്തി ലുള്ള സമ്മേളനമാണ് മാറ്റി വെച്ചത്. ജൂൺ 17ന് ന്യൂയോർക്കിലാണ് കോൺഫറൻസ് ചേരാനിരുന്നത്.