ഇറാന്റെ നാവിക ആസ്ഥാനം തകർത്തെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിലാണ് വാദം. ഇറാന്റെ ഒൻപത് സൈനിക കപ്പലുകൾ തകർത്തെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ പ്രധാനപ്പെട്ട സൈനിക കപ്പലുകൾ തകർത്ത് കടലിൽ മുക്കിയെന്ന് ട്രംപിൻ്റെ കുറിപ്പിൽ പറയുന്നു. യുഎസ് പടക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന പ്രചാരണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
യുഎസ് പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ അക്രമിക്കപ്പെട്ടെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കപ്പലിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നായിരുന്നു ഇറാൻ്റെ വാദം. എന്നാൽ, വാർത്ത നിഷേധിച്ച് യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചിരുന്നു. മിസൈൽ കപ്പലിന് അടുത്തേയ്ക്ക് എത്തിയിട്ടില്ലെന്നും നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാന ചർച്ചകൾക്ക് ഇറാൻ സന്നദ്ധത അറിയിച്ചതായി ഒമാൻ അറിയിച്ചു. ഇത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം ഒമാൻ നേതൃത്വം നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇറാനിലെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അറിയിച്ചു.