ഇറാൻ്റെ പടിഞ്ഞാറൻ ഭാഗത്തുള്ള കെർമൻഷയിലെ ഫറാബി ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണത്തിന് ലക്ഷ്യമിട്ടതായി തെളിവുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ്. "ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ നിർദേശപ്രകാരം ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമത്തിൻ്റെ ഗുരുതരമായ ലംഘനവും യുദ്ധക്കുറ്റവുമാണ്. ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും. ഇസ്രയേൽ ഭരണകൂടത്തിൻ്റെ പിന്തുണക്കാർക്കും മാപ്പുസാക്ഷികൾക്കും ഇനിയങ്ങോട്ടേക്ക് നാണക്കേടിൻ്റെ കാലമാണ്," ഇസ്മായിൽ ബഗായ് എക്സിൽ കുറിച്ചു.
അതേസമയം, തെഹ്‌റാനിലെ ജനങ്ങളെ മനഃപ്പൂർവം ഉപദ്രവിക്കാൻ ഇസ്രയേലിന് ഉദ്ദേശ്യമില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. നേരത്തെ നടത്തിയ ഭീഷണി കലർന്ന പരാമർശങ്ങളും അദ്ദേഹം പിൻവലിച്ചു. "ഇറാൻ്റെ കൊലപാതകിയായ ഏകാധിപതി ഇസ്രയേൽ നിവാസികളോട് ചെയ്യുന്നതു പോലെ, തെഹ്‌റാൻ നിവാസികളെ ശാരീരികമായി ഉപദ്രവിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല. എന്നാൽ, തെഹ്‌റാൻ ഉറപ്പായും സ്വേച്ഛാധിപത്യത്തിന് വില നൽകേണ്ടി വരും. ഇറാനിയൻ ഭരണകൂടത്തിൻ്റെ പ്രധാനലക്ഷ്യങ്ങളേയും സുരക്ഷാ ഇൻഫ്രാസ്ട്രക്ചറുകളേയും ആക്രമിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഇത്തരം പ്രദേശങ്ങളിൽ നിന്ന് തെഹ്റാൻ നിവാസികൾ വീടൊഴിയേണ്ടി വരും," ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിനെതിരായ മാരകമായ ഇറാൻ സർക്കാരിൻ്റെ പ്രതികാര ആക്രമണങ്ങൾക്ക്, ഇറാൻ തലസ്ഥാനത്തെ ജനങ്ങൾ താമസിയാതെ വില നൽകേണ്ടിവരുമെന്ന് കാറ്റ്സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിലപാടാണ് ഇപ്പോൾ മയപ്പെടുത്തിയത്.