ഇറാന്റെ സൈനിക നീക്കത്തിനൊപ്പം യുഎസും ചേര്‍ന്നതിനു പിന്നാലെ കടുത്ത നടപടിയുമായി ഇറാന്‍. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനാണ് ഇറാന്റെ തീരുമാനം. തീരുമാനത്തിന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമാധികാരി ആയത്തൊള്ള അലി ഖമേനിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഗള്‍ഫ് ഓഫ് ഒമാനുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്നതാണ് ഹോര്‍മൂസ് കടലിടുക്ക്. ഇത് അടയ്ക്കുന്നത് 40 ശതമാനത്തോളം എണ്ണകപ്പലുകളുടെയും, ചരക്ക് കപ്പലുകളുടെയും ഗതാഗതത്തെ ബാധിക്കും.
ജൂണ്‍ 13ന് ഇസ്രയേല്‍ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിനു പിന്നാലെ ഉടലെടുത്ത ആശങ്കകളാണ് ഇപ്പോള്‍ യാഥാര്‍ഥ്യത്തോട് അടുക്കുന്നത്. ഇറാനെതിരായ ആക്രമണം ആഗോള ഊര്‍ജ വിപണിയെ തകിടംമറിച്ചേക്കുമോ എന്നായിരുന്നു ആശങ്കകള്‍. തൊട്ടുപിന്നാലെ, ബ്രെന്റ് ക്രൂഡ് ഓയില്‍ വില പത്ത് ശതമാനത്തിലധികം വര്‍ധിച്ചിരുന്നു. ബാരലിന് 77 ഡോളറിനു മുകളിലായി വില. ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്കുള്ള എണ്ണ വ്യാപാരം മുടങ്ങും. ആഗോള തലത്തില്‍ ഇന്ധനവില കുതിച്ചുയരാന്‍ ഇത് കാരണമാകും.
ഇറാനെ കൂടാതെ, സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ, പ്രകൃതി വാതക കയറ്റുമതിക്കുള്ള പ്രധാന ഗതാഗത മാര്‍ഗം ഹോര്‍മൂസാണ്. പ്രതിദിനം 200 മുതല്‍ 210 ലക്ഷം ബാരല്‍ എണ്ണ ഹോര്‍മൂസിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്ക്. ഇത്തരമൊരു സാഹചര്യത്തില്‍, ആഗോള എണ്ണ വിപണിയില്‍ തന്നെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്റെ തീരുമാനം.
ഇക്കാലത്തിനിടെ, ഒരു തവണ പോലും ഹോര്‍മൂസ് പൂര്‍ണമായും അടച്ചിട്ടിട്ടില്ല. 1980കളില്‍ ഇന്നത്തേതിന് സമാനമായൊരു സ്ഥിതി ഉടലെടുത്തിരുന്നു. ഇറാന്‍-ഇറാഖ് സംഘര്‍ഷ കാലത്ത്, ഇരുപക്ഷവും ഗള്‍ഫ് എണ്ണ ടാങ്കറുകള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. സൗദി, കുവൈറ്റ് വെസലുകളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഇറാഖിനെ പിന്തുണയ്ക്കുന്നതായി കരുതി യുഎസ് നാവികസേനാ കപ്പലുകള്‍ക്കും നേരെയും ആക്രമണം നടന്നു. ഇതേത്തുടര്‍ന്ന് യുഎസിലെ റീഗന്‍ ഭരണകൂടം 1987ല്‍ 'ഓപ്പറേഷന്‍ ഏണസ്റ്റ് വില്‍' തുടക്കമിട്ടു. എണ്ണ ടാങ്കറുകള്‍ക്ക് യുഎസ് നേവി അകമ്പടി സേവിച്ചുതുടങ്ങി. 1988ല്‍, യുഎസ് യുദ്ധവിമാനം ഇറാന്‍ എയര്‍ ഫ്ലൈറ്റ് 655 അബദ്ധത്തില്‍ വെടിവച്ചിട്ടതില്‍ 290 പേര്‍ കൊല്ലപ്പെടുംവരെ ഇത് തുടര്‍ന്നു.
യൂറോപ്യന്‍ രാജ്യങ്ങളുടെയും യുഎസിന്റെയും ഉപരോധങ്ങളെത്തുടര്‍ന്ന്, 2011, 2012 വര്‍ഷങ്ങളില്‍ ഹോര്‍മൂസ് അടച്ചിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023ല്‍ ഒമാന്‍ കടലിടുക്കില്‍വെച്ച് ഇറാനിയന്‍ ക്രൂഡ് ടാങ്കര്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നും ഇറാന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന സ്ഥിതിയുണ്ടായെങ്കിലും, ഇതുവരെയും ഇറാന്‍ അത്തരമൊരു തീരുമാനം നടപ്പാക്കിയിട്ടില്ല. മറ്റ് എണ്ണസമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം ഇറാന്റെ എണ്ണ കയറ്റുമതിയെയും സാരമായി ബാധിക്കും എന്നതാണ് അതിനുള്ള കാരണം. ഇക്കുറി അതെല്ലാം മറികടന്ന് ഇറാന്‍ തീരുമാനം നടപ്പാക്കിയാല്‍, അത് ലോക വിപണിയെ തന്നെ സാരമായി ബാധിക്കും.