ടെഹ്റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആരംഭിച്ച പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നൽകി ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി. എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65കാരനായ റിസ പഹ്‌ലവി.
അതേസമയം, പ്രതിഷേധക്കാരെ 'ദൈവത്തിന്റെ ശത്രു'ക്കളായി കണക്കാക്കുമെന്നും വധശിക്ഷ ലഭിക്കുമെന്നും അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകുന്നു. രാജ്യസുരക്ഷ ഉറപ്പാക്കുന്നത് തുടരുമെന്നും പൊതു സ്വത്ത് സംരക്ഷിക്കുമെന്നും ഇറാൻ്റെ സേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലെ സംഘർഷങ്ങളിൽ ഇതുവരെ 62 പേർ കൊല്ലപ്പെട്ടതായാണ് വിവരം. പ്രതിഷേധത്തിൽ ഇതുവരെ 2300 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ട്. പലയിടത്തും ഇൻ്റർനെറ്റും റദ്ദാക്കിയിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടുകളായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന പഹ്‌ലവി, നാട്ടിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ വീഡിയോ സന്ദേശം പങ്കുവച്ചത്. ഇറാനിലെ നഗരങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്ത പഹ്‌ലവി താൻ നാട്ടിലേക്ക് തിരികെ മടങ്ങാൻ തയ്യാറെടുക്കുന്നതായും എക്സിൽ കുറിച്ചു.
"ദേശീയ വിപ്ലത്തിൻ്റെ വിജയസമയത്ത് മാതൃരാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. നിങ്ങൾക്കൊപ്പം ഞാനും ഇറാനിൽ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാൻ വിശ്വസിക്കുന്നു. തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കണം. ഗതാഗതം, എണ്ണ, വാതകം, ഊർജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികൾ ജോലി അവസാനിപ്പിച്ച് രാജ്യവ്യാപകമായ സമരങ്ങളിൽ പങ്കുചേരണം," അദ്ദേഹം എക്സിൽ കുറിച്ചു.
പ്രതിഷേധം 14ാം നാൾ പിന്നിടുമ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. തുടക്കത്തിൽ കുതിച്ചുയരുന്ന പണപ്പെരുപ്പത്തിൽ വശംകെട്ട് ജനം തെരുവിലിറങ്ങുകയായിരുന്നു. പിന്നീട് പ്രതിഷേധം ഇറാനിലെ രാഷ്ട്രീയ വിഷയമായി മാറി. ഇറാൻ പരമാധികാരി ആയത്തൊള്ള ഖമേനിക്കെതിരെയും പ്രതിഷേധക്കാർ തിരിഞ്ഞു. പൗരോഹിത്യ ഭരണാധികാരികൾ സ്ഥാനമൊഴിയണമെന്ന് പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു.