ഇറാന് ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും കണക്കുക്കൂട്ടലുകള്‍ തെറ്റിയോ? യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ അധികരിച്ച് സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് നല്‍കുന്നത് അത്തരം ചില സൂചനകളാണ്. യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ തകര്‍ന്ന സൈനികശേഷി ഇറാന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുപിടിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇറാന്‍ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിൽ എട്ടിന് നിലവിൽ വന്ന വെടിനിർത്തൽ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്തിയിരുന്നു. അതേസമയം, സൈനികശേഷി പുനഃസ്ഥാപിക്കാന്‍ ഇറാന്‍ അവസരം വിനിയോഗിച്ചെന്നാണ് വിലയിരുത്തല്‍.
യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ തകര്‍ന്ന സൈനിക ശേഷി പ്രത്യേകിച്ച് ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങള്‍, ലോഞ്ചിങ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ പുനർനിർമാണം ഇറാന്‍ അതിവേഗത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തില്‍ ഇറാന്റെ നിര്‍ണായക ആയുധമായിരുന്ന ഡ്രോണുകളുടെ നിര്‍മാണവും പുനരാരംഭിച്ചിട്ടുണ്ട്. ഇറാന്റെ ഡ്രോണ്‍ ശേഷിയുടെ പകുതിയോളം ഇപ്പോഴും സുരക്ഷിതമാണെന്നും കരുതപ്പെടുന്നു. സൈനികശേഷി തിരിച്ചുപിടിക്കുന്നതിലെ ഇറാന്റെ വേഗത യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെയും അമ്പരിപ്പിക്കുന്നതാണ്. ഈ രീതിയില്‍ പോയാല്‍ ആറു മാസത്തിനുള്ളില്‍ തന്നെ ഇറാന്‍ തങ്ങളുടെ ഡ്രോണ്‍ ആക്രമണ ശേഷി പൂർണമായും വീണ്ടെടുക്കും. യുഎസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണക്കാക്കിയ സമയത്തേക്കാള്‍ വേഗത്തിലാണ് ഇറാന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇറാന്‍ ആക്രമണത്തിനു മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ കാര്യങ്ങളൊന്നും നേടാനായിട്ടില്ലെന്നു കൂടിയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനോ, ഇറാന്‍ ഉയര്‍ത്തുന്ന സൈനിക ഭീഷണി ഇല്ലാതാക്കുവാനോ ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആക്രമണത്തിൽ തകർന്നെന്ന് യുഎസും ഇസ്രയേലും അവകാശപ്പെടുന്ന സൈനിക കേന്ദ്രങ്ങളും, സംവിധാനങ്ങളും ഇറാൻ അതിവേഗം പുനസ്ഥാപിക്കുന്നുണ്ടെങ്കില്‍, അവരുടെ അടിസ്ഥാന സൗകര്യത്തിന് അത്രത്തോളം കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ടെങ്കിലും, ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണമായി ഇല്ലാതായിട്ടില്ല. ബാലിസ്റ്റിക് മിസൈൽ സംവിധാനം ഇപ്പോഴും ഇസ്രയേല്‍ ഉൾപ്പെടെ മേഖലാ രാജ്യങ്ങൾക്കും ഗൾഫ് മേഖലയിലെ യുഎസ് സഖ്യകക്ഷികൾക്കും സുരക്ഷാഭീഷണി തന്നെയാണെന്നും വിലയിരുത്തലുകളുണ്ട്.
സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍നിന്ന് രണ്ട് കാര്യങ്ങളാണ് വ്യക്തമാകുന്നത്. ഒന്ന്, ട്രംപും നെതന്യാഹുവും അവകാശപ്പെട്ടതുപോലെ യുഎസ്-ഇസ്രയേല്‍ ആക്രമണം ഇറാന്റെ സൈനിക-പ്രതിരോധ വ്യവസ്ഥയെ പൂര്‍ണമായി തകര്‍ത്തിട്ടില്ല. രണ്ട്, ചൈനയും റഷ്യയും ഇറാന് സാങ്കേതിക, സൈനിക സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മിസൈൽ നിർമാണത്തിന് ആവശ്യമായ നിര്‍ണായക ഘടകങ്ങള്‍ ചൈന ഇറാന് ലഭ്യമാക്കുന്നുണ്ടെന്ന് നെതന്യാഹു കഴിഞ്ഞവാരം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ചൈന വിദേശ മന്ത്രാലയം തള്ളിയിരുന്നു.
ഇറാന്‍ സൈനികശേഷി അതിവേഗം വീണ്ടെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ട്രംപിന്റെ പ്രസ്താവനകള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍, ഇറാനില്‍ ഇനിയൊന്നും ബാക്കിയുണ്ടാകില്ലെന്നും, സമയം അതിക്രമിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ, അധികം താമസിയാതെ ഇറാനില്‍ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷിയെ വിലകുറച്ച് കണ്ടുകൊണ്ടാണ് ട്രംപിന്റെ ഇത്തരം ഭീഷണികള്‍. എന്നാല്‍, യുഎസും ഇസ്രയേലും വീണ്ടുമൊരു ആക്രമണത്തിന് മുതിര്‍ന്നാല്‍ വിനാശകരമായ പ്രത്യാക്രമണം നടത്താനുള്ള സൈനിക ശേഷി ഇറാന് നിലവിലുണ്ട്. ശാശ്വത വെടിനിര്‍ത്തല്‍ സാധ്യമാകുന്ന സമാധാന കരാറിനായുള്ള ചര്‍ച്ചകള്‍ക്കപ്പുറം കാര്യങ്ങള്‍ പോയാല്‍, പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാകും.