WORLD

സമ്പൂർണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ; മിസൈൽ വർഷവുമായി തിരിച്ചടിച്ച് ഇറാൻ; പെസെഷ്കിയാനും ഖമേനിയും സുരക്ഷിതരെന്ന് ഭരണകൂടം

ടെഹ്റാനിൽ കരുതൽ ആക്രമണങ്ങളാണ് തുടങ്ങിവച്ചതെന്നാണ് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഇറാനിൽ യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണങ്ങൾക്കിടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകള്‍ക്ക് സമീപവും, പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ്റെ വസതിക്ക് സമീപവും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്. എന്നാൽ ഇരുവരും സുരക്ഷിതരാണെന്നാണ് വിവരം. ടെഹ്റാനില്‍ നിന്ന് ഖമേനിക്ക് പുറമെ ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് ഇറാന്‍ ഭരണകൂടം സ്ഥിരീകരിച്ചു.

രാജ്യതലസ്ഥാനത്തിന് പുറമെ കൂടുതല്‍ നഗരങ്ങളിലേക്കും സംയുക്ത സൈനിക ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ ടെഹ്‌റാൻ, ഇസ്ഫഹാൻ, കരാജ്, കെർമാൻഷാ പ്രവിശ്യകളില്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂണിവേഴ്സ്റ്റി സ്ട്രീറ്റിലും ജോംഹൗരി പ്രദേശത്തും മിസൈല്‍ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ മൊബൈല്‍, ഇന്‍റർനെറ്റ് സേവനങ്ങളിലും തടസം നേരിടുന്നുണ്ട്.

ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേലും ഇറാനും വ്യോമപാത പൂർണമായി അടച്ചിട്ടുണ്ട്. ഇറാനെ തകർക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. യുഎസ് സൈന്യം ബൃഹത്തായതും ദീർഘമായതുമായ സൈനിക ഓപ്പറേഷനിലേക്കാണ് നീങ്ങുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ സേനയേയും നാവികശേഷിയെയും ഉന്മൂലനം ചെയ്യുമെന്നും ട്രംപ് വാഷിങ്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ സൈനിക നടപടിയില്‍ അമേരിക്കയുടെ ഭാഗത്തും ആള്‍നാശവും നഷ്ടവും ഉണ്ടായേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

കടല്‍ മാർഗവും വ്യോമമാർഗവും യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു കഴിഞ്ഞെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ ശക്തമായി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ്. ഇറാൻ്റെ ഭരണസിരാ കേന്ദ്രങ്ങൾക്ക് നേരെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇനി തുടർച്ചയായ ദിവസങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. തുടക്കത്തിലെ ഈ സംയുക്ത സൈനിക നീക്കം ചുരുങ്ങിയത് നാല് ദിവസത്തേക്കെങ്കിലും തുടരുമെന്നാണ് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ഇറാനെതിരെ ഉടൻ സൈനിക നീക്കമുണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാവിലെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വ്യാഴാഴ്ച ജനീവയിൽ അമേരിക്കയുമായുള്ള ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഇറാനും മധ്യസ്ഥരായ ഒമാനും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതിന് വിപരീതമായി ട്രംപ് അതൃപ്തി പ്രകടമാക്കി രംഗത്തെത്തിയിരുന്നു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രതിനിധികൾ ചർച്ചകളുടെ പുരോഗതിയിൽ തൃപ്തരല്ലാത്തതിനാൽ നിരാശയോടെയാണ് ജനീവ വിട്ടത്.

SCROLL FOR NEXT