വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതായി അറിയിച്ചതിനു പിന്നാലെ പ്രകോപനപരമായ ട്രൂത്ത് സോഷ്യല്‍ പോസ്റ്റുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും ഹോര്‍മുസ് കടലിടുക്കില്‍ ഇറാനു മേലുള്ള ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്.
ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അടച്ചിടണമെന്ന് പറയുന്നതെന്നുമാണ് പുതിയ പോസ്റ്റില്‍ ട്രംപ് പറയുന്നത്. ഹോര്‍മുസ് തുറന്നാല്‍, നേതാക്കള്‍ ഉള്‍പ്പെടെ ഇറാനെ മുഴുവന്‍ ഇല്ലാതാക്കാതെ അവരുമായി ഒരു കരാറില്‍ എത്താന്‍ ഒരിക്കലും കഴിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
"ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല; പകരം അത് തുറന്നിടാനാണ് അവര്‍ ആഗ്രഹിക്കുന്നത്, എങ്കില്‍ മാത്രമേ അവര്‍ക്ക് പ്രതിദിനം 500 ദശലക്ഷം ഡോളര്‍ സമ്പാദിക്കാന്‍ കഴിയൂ (അതായത്, അത് അടഞ്ഞുകിടന്നാല്‍ അവര്‍ക്ക് അത്രയും തുക നഷ്ടപ്പെടും!). ഞാന്‍ അത് പൂര്‍ണ്ണമായും ഉപരോധിച്ചതിനാല്‍ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അത് അടച്ചിടണമെന്ന് അവര്‍ പറയുന്നത്. നാല് ദിവസം മുമ്പ് ചില ആളുകള്‍ എന്നെ സമീപിച്ച് പറഞ്ഞു, 'സര്‍, ഇറാന്‍ എത്രയും വേഗം കടലിടുക്ക് തുറക്കാന്‍ ആഗ്രഹിക്കുന്നു.' എന്നാല്‍ നമ്മള്‍ അത് ചെയ്താല്‍, ഇറാന്റെ ബാക്കി ഭാഗങ്ങളും അവരുടെ നേതാക്കളും ഉള്‍പ്പെടെ തകര്‍ക്കാതെ അവരുമായി ഒരു കരാറിലെത്താന്‍ ഒരിക്കലും കഴിയില്ല!"
കടുത്ത സൈനിക നടപടികളല്ലാതെ ഇറാനുമായി നയതന്ത്ര കരാര്‍ സാധ്യമല്ലെന്ന നിലപാടാണ് ട്രംപ് മുന്നോട്ടുവെക്കുന്നത്. മാത്രമല്ല, യുഎസിന്റെ ഉപരോധം പിന്‍വലിക്കില്ലെന്ന സൂചനയും ട്രംപ് നല്‍കുന്നു. ഹോര്‍മുസില്‍ യുഎസിന്റെ പൂര്‍ണ ഉപരോധം തുടരുകയാണെന്നും ഇറാന്‍ വെറുതെ വീരവാദം മുഴക്കുകയുമാണെന്നാണ് ട്രംപിന്റെ വാദം.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കലാവാധി നീട്ടിയെന്നും ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം വേണമെന്നുമായിരുന്നു ഇതിനു മുമ്പുള്ള ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. എന്നാല്‍ ഉപരോധം തുടരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ചര്‍ച്ചകള്‍ തകരാന്‍ കാരണം ഇറാന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നിര്‍ദേശവുമായി ഇറാന്‍ വരുന്നതുവരെ വെടിനിര്‍ത്തല്‍ തുടരുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് പ്രഖ്യാപനം വന്നത്.