ആയുധവും സൈന്യവുമില്ലാത്ത ഇറാന്റെ യുദ്ധം

ഒരു തുള്ളി ചോര പൊടിയാതെ, വെടിയുണ്ടകളോ മിസൈലുകളോ ഇല്ലാതെ ഇറാന്‍ നടത്തുന്ന യുദ്ധം
ആയുധവും സൈന്യവുമില്ലാത്ത ഇറാന്റെ യുദ്ധം
Published on
Updated on

അരണ്ട വെളിച്ചത്തില്‍ കുതിരപ്പുറത്തു വരുന്ന റെഡ് ഇന്ത്യന്‍ നേതാവ്, അവര്‍ക്ക് മുന്നില്‍ ഇറാന്റെ പതാകയ്ക്ക് സമീപമായി ഒരു ചുവന്ന ബട്ടണ്‍, പിന്നെ കാണുന്നത് ലോകത്തെ നടുക്കിയ ദുരന്തങ്ങളില്‍ ഇല്ലാതായവരെയാണ്, അവരില്‍ ഹിരോഷിമയിലുള്ളവരുണ്ട്, എപ്സ്റ്റീന്‍ ഫയലിലെ പെണ്‍കുട്ടികളുണ്ട്, മിനാബിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളുണ്ട്, ഗാസയിലെ പിഞ്ചുമക്കളുണ്ട്. അവര്‍ക്കെല്ലാം മുന്നില്‍ ഇറാന്റെ പതാകയും ഒരു ചുവന്ന ബട്ടണും. അമേരിക്കയുടെയും ഇസ്രയേലിന്റേയും ആക്രമണങ്ങളില്‍ ഇല്ലാതായവരെല്ലാം ഒന്നിച്ച് ആ ചുവന്ന ബട്ടണ്‍ അമര്‍ത്തുന്നു. അതോടെ കുതിച്ചുയരുന്ന, ഓരോ മിസൈലിലും എഴുതിയിരിക്കുന്നത് കൊല്ലപ്പെട്ടവരുടെ പേരുകളാണ്. ഈ മിസൈലുകളില്‍ ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും തകര്‍ന്നു വീഴുന്നു. എല്ലാവര്‍ക്കും വേണ്ടി ഒരു പ്രതികാരം' എന്ന മുദ്രാവാക്യം സ്‌ക്രീനില്‍ തെളിയുന്നു.

'എക്സ്പ്ലോസീവ് മീഡിയ' എന്ന ഇറാനിയന്‍ കൂട്ടായ്മ പുറത്തുവിട്ട ഒരു ലെഗോ വീഡിയോയുടെ ഉള്ളടക്കം ഇതാണ്. ഈ വീഡിയോകള്‍ വെറും ആനിമേഷനല്ല, അവ ഓരോന്നും പറയുന്നത് ചോര പുരണ്ട ചരിത്രമാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍, ഒരു തുള്ളി ചോര പൊടിയാതെ, വെടിയുണ്ടകളോ മിസൈലുകളോ ഇല്ലാതെ ഇറാന്‍ നടത്തുന്ന ആനിമേഷന്‍ മീം വാര്‍.

ഗൗരവമേറിയ രാഷ്ട്രീയ സന്ദേശങ്ങളെ കുട്ടികളുടെ കളിക്കോപ്പുകളായ ലെഗോ രൂപങ്ങളിലൂടെയും ആനിമേഷനിലൂടെയും അവതരിപ്പിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന 'സ്ലോപഗണ്ട' തന്ത്രത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ വീഡിയോ ഇതിനോടകം എത്തിയിട്ടുണ്ട്.

ആയുധവും സൈന്യവുമില്ലാത്ത ഇറാന്റെ യുദ്ധം
അമേരിക്കയെ ചതിച്ചവന്‍; ആരാണ് ആല്‍ഡ്രിച്ച് ആംസ്?

സോഷ്യല്‍മീഡിയ കാലത്ത്, അണുബോംബിനേക്കാള്‍ ശക്തി ആശയങ്ങള്‍ക്കുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇറാന്‍ നടത്തുന്ന മീം വാര്‍. അതിനായി തെരഞ്ഞെടുത്തത് കുട്ടികളുടെ കളിപ്പാട്ടമായ ലെഗോ. ഇറാനിലെയും ഗാസയിലേയും കുട്ടികളെ ഇല്ലാതാക്കിയ ആക്രമങ്ങള്‍ക്ക് പകരമായി കുട്ടികളുടെ ഈ കളിക്കോപ്പ് ഇറാന്‍ തിരിച്ച് ഉപയോഗിക്കുന്നു. ഏത് മിസൈലിനേക്കാളും ശക്തി ഈ ലെഗോ കട്ടകള്‍ക്കുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കല്‍ മൂവ്.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് ഭീഷണി തുടര്‍ന്നപ്പോള്‍, അതിനെ ഇറാന്‍ പ്രതിരോധിച്ചത് ട്രോളുകളിലൂടെയാണ് താക്കോല്‍ ചെടിച്ചട്ടിക്കുള്ളിലുണ്ടെന്നും താക്കോല്‍ കളഞ്ഞു പോയെന്നുമൊക്കെ ഇറാന്‍ എംബസികളുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ കണ്ടപ്പോള്‍ തമാശയ്ക്കപ്പുറം ഗൗരവമേറിയ രാഷ്ട്രീയ സന്ദേശങ്ങളാണ് ലോകത്തിന് നല്‍കിയത്.

യുദ്ധത്തിന്റെ സ്വഭാവം മാറിയോ? സോഷ്യല്‍മീഡിയ സജീവമായ കാലത്ത് യുദ്ധവുമായി ബന്ധപ്പെട്ട് നമ്മള്‍ സ്‌ക്രോള്‍ ചെയ്യുന്ന ഓരോ പോസ്റ്റും നമ്മള്‍ ചിരിക്കുന്ന ഓരോ മീമും ഷെയര്‍ ചെയ്യുന്ന ഓരോ കണ്ടന്റും ഒരു വലിയ, കാണാത്ത പോരാട്ടത്തിന്റെ ഭാഗമാണ്.

ആയുധവും സൈന്യവുമില്ലാത്ത ഇറാന്റെ യുദ്ധം
11,000 വര്‍ഷം പഴക്കമുള്ള രഹസ്യങ്ങള്‍! 2025-ലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങള്‍

ഈ പശ്ചാത്തലത്തില്‍ ഇറാന്റെ സോഷ്യല്‍മീഡിയ സ്ട്രാറ്റജിയും ട്രംപിന്റെ കമ്യൂണിക്കേഷന്‍ സ്‌റ്റൈലും ഒന്ന് പരിശോധിക്കാം. രണ്ടും രണ്ട് ലോകങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു ഭാഗത്ത് ട്രംപ്, വാക്കുകള്‍ നേരിട്ട് പ്രയോഗിക്കുന്നു, ചിലപ്പോള്‍ കടുപ്പമായി അവ അതിരു കടക്കുന്നു. റോ എനര്‍ജിയും അണ്‍ ഫില്‍ട്ടേഡ് ഇമോഷനും ഉള്ള ട്രംപിന്റെ പോസ്റ്റുകള്‍ ഒരു ഇമ്മീഡിയറ്റ് റിയാക്ഷനാണ് ഉണ്ടാക്കുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അധികം എഫേര്‍ട്ടിന്റെ ആവശ്യമില്ല. ആ പോസ്റ്റുകള്‍ വായിക്കുമ്പോഴോ, പറയുന്നത് കേള്‍ക്കുമ്പോഴോ ഉടനടി നമ്മുടെ മനസ്സില്‍ ഒരു പ്രതികരണം ഉണ്ടാകും.

മറുവശത്ത്, ഇറാന്റേത് മറ്റൊരു സ്ട്രാറ്റജിയാണ്. അവരുടെ ഭാഷ വ്യത്യസ്തമാണ്, സര്‍ക്കാസമാണ് മെയിന്‍. അതല്ലെങ്കില്‍ ഇന്റലക്ച്വല്‍ എന്ന് തോന്നുന്ന തരത്തില്‍. അതുമല്ലെങ്കില്‍, നേരത്തേ പറഞ്ഞതു പോലെ വളരെ ഇന്റന്‍സായ ഇമോഷന്‍ അടങ്ങിയ ഉള്ളടക്കം. ഇത് നമ്മുടെ മുന്നിലെത്തുമ്പോള്‍ ഒന്നുകില്‍, കൗതുകം, അതല്ലെങ്കില്‍ വൈകാരികമായ അടുപ്പമോ, ഇവര്‍ കൊള്ളാമല്ലോ എന്ന തോന്നലോ സ്വാഭാവികമായി ഉണ്ടാകും.

ഇറാന്‍ ആരോടാണ് സംസാരിക്കുന്നത്? ഈ യുദ്ധകാലത്ത് വൈറലായ ഒരു ലെഗോ ആനിമേഷന്‍ ഇങ്ങനെയാണ്, തിരക്കു പിടിച്ച ന്യൂയോര്‍ക്ക് സിറ്റിയിലെ സ്‌ക്രീനുകളില്‍ ഒരു ബ്രേക്കിങ് ന്യൂസ് തെളിയുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കുന്നു..യ ഇതോടെ, ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങള്‍ കഫിയ ധരിച്ച് തെരുവുകളിലേക്ക് ഇറങ്ങുന്നു, ട്രംപിനും നെതന്യാഹുവിനുമെതിരെ തിരിയുന്നു.

ട്രംപ് സംസാരിക്കുന്നത് ഒരു വലിയ ജനവിഭാഗത്തോടാണെങ്കില്‍, ഇറാന്‍ സംസാരിക്കുന്നത് മറ്റൊരു ഓഡിയന്‍സിനോടാണ്, അവരുടെ ലക്ഷ്യം ആഗോള മനസ്സില്‍ സ്ഥാനം നേടുക എന്നതാണ്. ചരിത്രം ഓര്‍മിപ്പിച്ചും പറഞ്ഞും ഒരു നരേറ്റീവ് രൂപപ്പെടുത്തുക, ലോജിക്കലായും ഇന്റലക്ച്വലായും പറഞ്ഞ് ജനങ്ങളെ ഇംപ്രസ് ചെയ്യിപ്പിച്ച് ചിന്തിപ്പിക്കുക.

ലെഗോ ആനിമേഷനുകളും റാപ്പ് സംഗീതവും ചേര്‍ത്ത ഇത്തരം വീഡിയോകള്‍ക്ക് കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്. പണ്ട്, പത്രത്തിലൂടെയും ന്യൂസ് ചാനലിലൂടെയുമാണ് ആളുകളില്‍ വാര്‍ത്തകള്‍ എത്തിയിരുന്നത് എങ്കില്‍, ഇന്നത് മീമുകളിലൂടേയും ട്രോളുകളിലൂടെയുമൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞുള്ള മൂവ്. സമകാലിക രാഷ്ട്രീയത്തിന്റെ വിചിത്രമായ യാഥാര്‍ത്ഥ്യമാണ് ഇത് വെളിപ്പെടുത്തുന്നത്.

സജീവമായി വാര്‍ത്തകള്‍ തിരയുന്നവരല്ല, ഈ വീഡിയോകളുടെ ടാര്‍ഗറ്റ്. മറിച്ച്, യുദ്ധങ്ങളെ കുറിച്ചോ, മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയത്തെ കുറിച്ചോ ശ്രദ്ധിക്കാത്ത, സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്ക് എത്താനാണ് ഇറാന്‍ ഇതിലൂടെ ശ്രമിക്കുന്നത്. പരിചിതമായ ദൃശ്യങ്ങളും സംഗീതവും മീമുകളും കൊണ്ട് ആളുകളെ ആകര്‍ഷിക്കുകയും അതിലൂടെ യുഎസിന്റേയും ഇസ്രയേലിന്റേയും രക്തം പുരണ്ട ഭൂതകാലം ആളുകളുടെ ഉപബോധ മനസിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഒരു ട്രോജന്‍ കുതിരയയെ പോലെ...

പലപ്പോഴും പശ്ചാത്യ സ്വാധീനമുള്ള വാര്‍ത്തകളാണ് വിവരങ്ങളായി നമുക്ക് മുന്നിലെല്ലാം എത്തുന്നത്. ഇറാന്റെ സമ്പന്നമായ ചരിത്രമോ പശ്ചാത്തലമോ അവരുടെ നേതാക്കളുടെ മതപരമായ ബാക്ക്ഗ്രൗണ്ടിനോ അപ്പുറത്ത് കൂടുതലൊന്നും പലര്‍ക്കും അറിയില്ല, എന്നാല്‍, ഈ മീമുകളിലൂടെയും സറ്റയര്‍ പോസ്റ്റുകളിലൂടെയും അവിടെയുള്ളവര്‍ കള്‍ച്ചറലി മാത്രമല്ല, അക്കാദമിക്കലി ഇന്റലക്ച്വലും ദീര്‍ഘവീക്ഷണവും ഉള്ളവരാണെന്ന് തെളിയിക്കാന്‍ കൂടി ഇറാന്‍ ഈ തന്ത്രം ഉപയോഗിക്കുന്നുണ്ട്.

ഗൗരവമായ അവതരണത്തേക്കാള്‍ കോമഡിക്ക് വലിയ പവര്‍ ഉണ്ട്, തമാശയിലൂടെ രാഷ്ട്രീയം പറയുമ്പോള്‍ അതിന്റെ ഇംപാക്ടും വളരെ വലുതാണ്. രാഷ്ട്രീയം എന്നത് രസകരമായി അവതരിപ്പിക്കപ്പെടേണ്ട ഒന്നാണെന്ന ധാരണ ഇപ്പോള്‍ തന്നെ ആളുകളിലുണ്ട്, ആ ധാരണയാണ് ഇറാന്‍ കൃത്യമായി ഉപയോഗിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിനെപ്പോലെയുള്ള രാഷ്ട്രീയക്കാര്‍ തങ്ങളുടെ പ്രചാരണത്തിനായി തമാശകളും മീമുകളും ഉപയോഗിക്കുന്നത് ഇറാന്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് എന്നുവേണം മനസ്സിലാക്കാന്‍.... അമേരിക്കയുടെ പോപ് കള്‍ച്ചര്‍ അവര്‍ക്കെതിരെ തന്നെ ഇറാന്‍ ആയുധമാക്കുകയാണ്. ലെഗോ ഡിസൈനുകള്‍, റാപ്പ് സംഗീതം, 80-കളിലെ പോപ്പ് ഗാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്. അതിനൊപ്പം തന്നെ യുഎസിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ മനസ്സിലാക്കി അതിനെയും പ്രൊജക്ട് ചെയ്യുന്നു.

ഗൗരവമേറിയ വാര്‍ത്തകളേക്കാള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഇത്തരം തമാശ വീഡിയോകള്‍ കാണുന്നുണ്ട്. യുദ്ധത്തെക്കുറിച്ച് ഒന്നും അറിയാത്തവര്‍ പോലും ഇത്തരം വീഡിയോകളിലൂടെ ഏതെങ്കിലും ഒരു പക്ഷത്തേക്ക് സ്വാഭാവികമായും സ്വാധീനിക്കപ്പെടും. സങ്കീര്‍ണമായ ജിയോ പൊളിട്ടിക്സും രക്തരൂക്ഷിതമായ ഭൂതകാലവും വളരെ ലളിതമായി അവതരിപ്പിക്കുന്ന ഇറാന്റെ ഈ പുതിയ യുദ്ധ തന്ത്രം ആഗോള രാഷ്ട്രീയത്തില്‍ പുതിയൊരു ചാപ്റ്ററാണ്. ചുരുക്കി പറഞ്ഞാല്‍ ഡിജിറ്റല്‍ യുദ്ധ തന്ത്രത്തിന്റെ പുതിയ മുഖം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com