WORLD

ഇറാനെതിരായ പ്രഹരം തുടരുമെന്ന് നെതന്യാഹു; ഗള്‍ഫ് മേഖലയിലുടനീളം പ്രത്യാക്രമണം തുടർന്ന് ഇറാൻ

ദുബായ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും പരിക്കേറ്റു.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കിയ സംഘർഷം പന്ത്രണ്ടാം ദിനത്തിലെത്തി നില്‍ക്കെ, ഇറാനെതിരായ പ്രഹരം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലേത് സ്വാതന്ത്രത്തിനായുള്ള ചരിത്ര യുദ്ധമാണെന്ന് പറഞ്ഞ നെതന്യാഹു, ഖമനേയി ഭരണകൂടത്തെ താഴെയിറക്കാനുള്ള അവസരം ഉപയോഗിക്കണമെന്നും ഇറാനിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. അതേസമയം, ഇറാന്‍റെ 16 പടക്കപ്പലുകള്‍ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കില്‍ മൈനുകള്‍ നിക്ഷേപിക്കാനെത്തിയ കപ്പലുകളാണ് തകർത്തെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയിലുടനീളം ഇറാന്‍റെ പ്രത്യാക്രമണങ്ങള്‍ തുടരുകയാണ്. ദുബായ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും പരിക്കേറ്റു.

ഇത് സ്വാതന്ത്രത്തിനു വേണ്ടിയുള്ള ചരിത്രയുദ്ധമാണ്. ആയത്തൊള്ള ഭരണകൂടത്തെ താഴെയിറക്കാനും, സ്വാതന്ത്രം തിരിച്ചുപിടിക്കാനുമുള്ള അപൂർവ അവസരമായി ഇതിനെ കാണണം.. അമേരിക്കയോടൊപ്പം ചേർന്ന് മുന്‍പൊന്നും ഉണ്ടാകാത്ത വിധം ഇറാനെതിരെ ആഞ്ഞടിക്കുകയാണ് ഇസ്രയേല്‍. ഇറാനിലെ ആക്രമണം തുടരുമെന്ന് അറിയിച്ച് എക്സ് പോസ്റ്റിലൂടെയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ആഹ്വാനം. കഴിഞ്ഞ ദിവസം യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്, ഇറാന്‍റെ 16 പടക്കപ്പലുകള്‍ ആക്രമിച്ചെന്നാണ് പ്രഖ്യാപിച്ചത്. ഹോർമൂസ് കടലിടുക്കില്‍ മെെനുകള്‍ നിക്ഷേപിക്കാനെത്തിയ കപ്പലുകള്‍ തകർത്തു എന്നാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ അവകാശവാദം. ഇതിനിടെ ഹോർമൂസില്‍ കാർഗോ കപ്പലില്‍ പ്രൊജക്ടൈല്‍ പതിച്ചു.

ആക്രമണത്തിന്‍റെ പന്ത്രണ്ടാം ദിനവും, പശ്ചിമേഷ്യ അശാന്തമാണ്. ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണ് നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു..)) ഗള്‍ഫ് മേഖലയില്‍ ബഹ്റൈന്‍, സൌദി അറേബ്യ, ഖത്തർ, കുവൈറ്റ്, യുഎഇ രാജ്യങ്ങള്‍ വ്യോമപ്രതിരോധം പ്രവർത്തിക്കുന്നതായി അറിയിച്ചു. സൌദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയർ ബേസും ഷെെബ എണ്ണപ്പാടവും ലക്ഷ്യമിട്ട ഡ്രോണുകള്‍ വ്യോമപ്രതിരോധം തകർത്തു. ബഹ്റൈനിലെയും ഇറാഖിലെയും കുവൈത്തിലെയും യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ബാഗ്ദാദില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ചു. ഇതിനിടെ, ഇറാനെ ആക്രമിക്കാന്‍ ഇറാഖ് വ്യോമാതിർത്തി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി അമേരിക്കയോട് ആവശ്യപ്പെട്ടു.

ഇറാനില്‍ ടെഹ്റാന്‍ അടക്കം തന്ത്രപ്രധാന മേഖലകളില്‍ ഐഡിഎഫ് ആക്രമണം തുടരുകയാണ്. സംഘർഷത്തില്‍ ഇതുവരെ 1,300 പേർ കൊല്ലപ്പെട്ടു എന്നും 12,000 ത്തിലധികം പേർക്ക് പരിക്കേറ്റെന്നും ഇറാന്‍ ഭരണകൂടം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 193 കുട്ടികളും ഉള്‍പ്പെടുന്നതായാണ് കണക്ക്. 8000 വീടുകളും, 65 സ്കൂളുകളും അടക്കം ആയിരക്കണക്കിന് ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇസ്ഫാനിലെ റഷ്യയുടെ കോണ്‍സുലേറ്റ് കെട്ടിടത്തിന് കേടുപാടുണ്ടായെന്ന് സ്ഥിരീകരിച്ച റഷ്യ, ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ആരോപിച്ചു. ഇസ്രയേലില്‍ ടെല്‍ അവീവ്, ഹൈഫ്, ജെറുസലേം എന്നിവിടങ്ങളില്‍ ഇറാന്‍റെ ആക്രമണം തുടരുകയാണ്. ഇസ്രയേലിലെ എണ്ണ ശുദ്ധീകരണ ശാലയിലെ ഇന്ധന ടാങ്കുകൾ ആക്രമിച്ചെന്ന് ഐആർജിസി അറിയിച്ചു.

പശ്ചിമേഷ്യയില്‍ സെെനിക നടപടിക്കിടെ 140 യുഎസ് സൈനികർക്ക് പരിക്കേറ്റെന്നും എട്ട് പേരുടെ നില ഗുരുതരമാണെന്നും അമേരിക്കന്‍ സൈന്യം അറിയിച്ചു. ഏഴ് യുഎസ് സൈനികരാണ് ഇതുവരെ സംഘർഷത്തില്‍ കൊല്ലപ്പെട്ടത്. ബെയ്റൂട്ട് അടങ്ങുന്ന തെക്കന്‍ ലെബനനിലെ ആക്രമണങ്ങളില്‍ ഒരു ആരോഗ്യപ്രവർത്തകനും പ്രവിശ്യാ മേയറും മുനിസിപ്പില്‍ കൌണ്‍സില്‍ അംഗവും കൊല്ലപ്പെട്ടു. ഹിസ്ബുള്ളയ്‌ക്കെതിരായ തിരിച്ചടിയായുള്ള ആക്രമണങ്ങളില്‍ ലെബനനിലെ മരണസംഖ്യ 600നോട് അടുക്കുകയാണ്.

ഒമാന് പിന്നാലെ സമാധാന ചർച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഈജിപ്ത് അറിയിച്ചു. അമേരിക്കയും ഇറാനും സമാധാനത്തിന്‍റെ പാതയിലേക്ക് തിരിച്ചുപോകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ജിസിസി രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ലോകസുരക്ഷയെ തന്നെ ആശങ്കയിലാക്കുന്നു എന്നാണ് ഖത്തറിന്‍റെ പ്രസ്താവന. അതേസമയം, യുഎൻ സെക്രട്ടറി ജനറലുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ആവർത്തിച്ചു.

SCROLL FOR NEXT