യുദ്ധം വീണ്ടും രൂക്ഷമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണികൾക്ക് പിന്നാലെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഏഴ് ഉപാധികള്‍ അംഗീകരിച്ചാല്‍ സമാധാനാകാമെന്നും യുദ്ധം വേണോ സമാധാനം വേണോ എന്ന് അമേരിക്കയ്ക്ക് തീരുമാനിക്കാം, ഇറാന് എന്തിനും തയ്യാറാണെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി.
"യുദ്ധമോ സമാധാനമോ വേണ്ട" എന്ന അവസ്ഥയിൽ ടെഹ്റാൻ ഇനി തുടരില്ലെന്ന് വ്യക്തമാക്കിയ ഗാലിബാഫ് അമേരിക്ക വീണ്ടും ഒരു തെറ്റ് ചെയ്താൽ, ഇറാന്റെ ശക്തമായ സായുധ സേനയായിരിക്കും യുദ്ധക്കളത്തിന്റെ ഭൂമിശാസ്ത്രം നിർണയിക്കുന്നതെന്നും പ്രതികരിച്ചു.
"യുഎസ് ചർച്ചയുടെ പാതയാണോ യുദ്ധത്തിന്റെ പാതയാണോ തെരഞ്ഞെടുക്കുന്നത് എന്നത് ഞങ്ങൾക്ക് പ്രശ്നമല്ല. ഞങ്ങളുടെ ഏഴ് ന്യായമായ വ്യവസ്ഥകൾ അവർ അംഗീകരിച്ചാൽ, ഒരു കരാറിലേക്കുള്ള വാതിൽ തുറക്കപ്പെടും," അദ്ദേഹം ഞായറാഴ്ച പാർലമെന്റിന്റെ ഒരു തുറന്ന സമ്മേളനത്തിൽ പറഞ്ഞതായി ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിൽ നിന്നോ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികളിൽ നിന്നോ അമേരിക്കയ്ക്ക് പുതിയ പ്രകോപനങ്ങൾ നേരിടേണ്ടി വന്നില്ലെങ്കിൽ ഇറാനെ ആക്രമിക്കുന്നത് നിർത്തിവയ്ക്കുമെന്ന് ട്രംപ് അടുത്ത ദിവസങ്ങളിൽ മുതിർന്ന ഉപദേഷ്ടാക്കളോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനോടും അഭിപ്രായം ചോദിച്ചിരുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കരുതെന്ന് ഇരുവരും തന്നോട് ആവശ്യപ്പെട്ടതായും ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ആവശ്യമെങ്കിൽ ആക്രമണം ശക്തമാക്കാൻ യുഎസ് സൈന്യം തയ്യാറാണെന്ന് യുഎസ് ആസൂത്രണത്തെക്കുറിച്ച് പരിചയമുള്ള മൂന്ന് പേർ വ്യക്തമാക്കിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.