ടെഹ്റാൻ: ലെബനീസ് പ്രസിഡൻ്റിൻ്റെ വിമർശനത്തിൽ മറുപടിയുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഔണിൻ്റെ പരാമർശം കേട്ടാൽ, ലെബനനൻ്റെ അഞ്ചിൽ ഒരു ഭാഗം ഭൂമി കയ്യേറിയതും നാലിൽ ഒരു വിഭാഗം ജനതയും ഇറാനിയൻ ആക്രമണത്തെ തുടർന്നാണ് പലായനം ചെയ്തതെന്നും തോന്നുമെന്ന് അബ്ബാസ് അരാഗ്ചി വിമർശിച്ചു. ലെബനനെ മുൻനിർത്തി വിലപേശൽ നടത്തിയിരുന്നുവെങ്കിൽ, മുൻപേ കരാറിൽ എത്താമായിരുന്നുവെന്നും യഥാർഥ ശത്രുവിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കൂവെന്നും അരാഗ്ചി എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ ലബനനെ വച്ച് വിലപേശുന്നു എന്നായിരുന്നു പ്രസിഡന്റ് ജോസഫ് ഔണിൻ്റെ വിമർശനം. ലബനനിലെ വിഷയങ്ങളിൽ ഇടപെടാൻ ഇറാന് അധികാരമില്ലമെന്നും ഹെസ്ബൊള്ള ഇക്കാര്യം തിരിച്ചറിയണം എന്നും ഔൺ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാനെതിരെ രൂക്ഷ വിമർശനവുമായി ലെബനീസ് പ്രസിഡൻ്റ് രംഗത്തെത്തിയത്.
"എന്റെ രാജ്യത്തെ യുദ്ധത്തിൽ നിന്ന് രക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തിൽ ലെബനൻ ജനത മടുത്തു. സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ ലെബനനെ വച്ച് വിലപേശുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടെ രാജ്യമാണ്. ഇടപെടാൻ നിങ്ങൾക്ക് അവകാശമില്ല". ലെബനന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടരുതെന്നും ലെബനീസ് പ്രസിഡൻ്റ് പറഞ്ഞിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വിമർശനം.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് ലെബനൻ തയ്യാറാണ്. ഇസ്രയേൽ അങ്ങനെയല്ലെങ്കിൽ ഒരിക്കലും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശത്രുതാപരമായ അവസ്ഥ അവസാനിപ്പിക്കാനും ലെബനീസ്, ഇസ്രയേലി ജനതയ്ക്ക് സുരക്ഷിതത്വത്തോടെ ജീവിക്കാനും ലെബനനും ഇസ്രയേലിനും അവസരമുണ്ടെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.