WORLD

"ആര് ജയിച്ചാലും ഇറാനോടുള്ള നയങ്ങളിൽ മാറ്റമുണ്ടാകില്ല, ആ പ്രതീക്ഷ തെറ്റ്"; യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ മൊജ്‌തബ ഖമനേയി

ഇനിയും ആക്രമിക്കാനാണ് യുഎസ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ യുദ്ധം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുമെന്നും മൊജ്‌തബ ഖമനെയി മുന്നറിയിപ്പ് നൽകി

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ലോകം ഉറ്റുനോക്കിയ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരം​ഗം ആഞ്ഞടിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി. യുഎസ് നയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് വലിയ തെറ്റാണെന്ന് മൊജ്തബ ഖമനേയി പറഞ്ഞു. ജനപ്രതിനിധി സഭ, സെനറ്റ് എന്നിവയിലും ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ നേടിയ ഭൂരിപക്ഷം യുഎസിൻ്റെ ഇറാൻ നയത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നും അദ്ദേ​ഹം ഖമനേയി പ്രതികരിച്ചു. സമൂഹ മാധ്യമമായ എക്‌സിലെ സ്വന്തം ഹാൻഡിൽ വഴിയാണ് മൊജ്‌തബ ഖമനേയിയുടെ പ്രതികരണം. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ പൊതുമധ്യത്തിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല.

''രാഷ്ട്രീയ പാർട്ടികളിലോ വിഭാഗങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ ഇറാന് മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന വ്യവസ്ഥിതിയുടെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നവരും യുഎസിന് വിട്ടുവീഴ്ചകൾ ചെയ്തുകൊടുത്താൽ ഇറാൻ ജനതയോടുള്ള ശത്രുതയിൽ നിന്ന് അവർ പിന്തിരിയുമെന്ന് കരുതുന്നവരും വലിയ തെറ്റാണ് ചെയ്യുന്നത്. ഇറാന് നേരെ യുഎസ് വീണ്ടും ആക്രമണം തുടങ്ങിയാൽ മിഡിൽ ഈസ്റ്റിലെ യുദ്ധം കൂടുതൽ ശക്തമാകും'', ഖമനേയി മുന്നറിയിപ്പ് നൽകി.

യുഎസിൻ്റെ ഇറാൻ ജനതയോടുള്ള ശത്രുതയും അതിനെ ശക്തമായ ചെറുത്തുനിന്നതും കൃത്യമായി അവലോകനം ചെയ്യണമെന്ന് ഇറാനിലെ ജനങ്ങളോട് മൊജ്‌തബ ഖമനെയി ആവശ്യപ്പെട്ടു. ഇത് മുന്നോട്ടുള്ള കാലത്തേക്ക് വഴികാട്ടിയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം യുഎസിൻ്റെ ഇറാൻ നയത്തിൽ യാതൊരു ഇളവും കൊണ്ടുവരില്ലെന്നും ഖമനേയി പറഞ്ഞു.

വൻ വിജയത്തോടെയാണ് ഡെമോക്രാറ്റുകൾ യുഎസിലെ ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം തിരിച്ചുപിടിച്ചത്. ഡൊണാൾഡ് ട്രംപിനോട് ജനത്തിനുള്ള അപ്രീതി ഡെമോക്രാറ്റുകൾക്ക് നേട്ടമായി. ഇതോടെ യുദ്ധമടക്കം ട്രംപ് സർക്കാരിൻ്റെ നയങ്ങളിൽ, പദ്ധതികളിൽ എല്ലാം പാർലമെൻ്റിൻ്റെ അംഗീകാരം കിട്ടുക പ്രയാസകരമാകും. ഫലം ഡെമോക്രാറ്റുകൾക്ക് അനുകൂലമാകാൻ ഇറാൻ യുദ്ധവും കാരണമായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് ഇറാൻ യുദ്ധമെന്നായിരുന്നു തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ പ്രചാരണം.

SCROLL FOR NEXT