കോൺകോർഡ്: അമേരിക്കൻ പാർലമെന്റിന്റെ ഉപരിസഭയായ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ പുരുഷനായി ഡെമോക്രാറ്റിക് നേതാവ് ക്രിസ് പപ്പാസ് പുതിയ ചരിത്രമെഴുതി . ന്യൂ ഹാംഷെയർ സംസ്ഥാനത്ത് നടന്ന കടുത്ത മത്സരത്തിൽ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും മുൻ സെനറ്ററുമായ ജോൺ ഇ. സുനൂനുവിനെയാണ് പപ്പാസ് അട്ടിമറിച്ചത്. യുഎസ് സെനറ്റിൽ ടാമി ബാൾഡ്വിൻ, കിർസ്റ്റൺ സിനിമ തുടങ്ങിയ വനിതകൾ ഇതിനകം എൽജിബിടിക്യു പ്രതിനിധികളായി ചരിത്രം കുറിച്ചിട്ടുണ്ടെങ്കിലും, ഒരു പുരുഷൻ പരസ്യ സ്വവർഗ്ഗാനുരാഗിയായി യുഎസ് സെനറ്റിലേക്ക് വിജയിച്ചുകയറുന്നത് ഇതാദ്യമാണ്. വിരമിക്കുന്ന മുതിർന്ന ഡെമോക്രാറ്റിക് സെനറ്റർ ജീൻ ഷഹീന്റെ ഒഴിവിൽ നടന്ന മത്സരത്തിൽ നേടിയ ഈ നിർണായക വിജയം, സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കുന്നതിലും വലിയ പങ്കുവഹിച്ചു.
മാഞ്ചസ്റ്ററിൽ ജനിച്ച് ഹാർവാർഡ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ നാൽപ്പത്തിയാറുകാരനായ ക്രിസ് പപ്പാസ്, നൂറ്റാണ്ടിലധികം പഴക്കമുള്ള പ്രശസ്തമായ 'പ്യൂരിറ്റൻ ബാക്ക്റൂം' റെസ്റ്റോറന്റിന്റെ സഹ-ഉടമ കൂടിയാണ്. 2018-ൽ ന്യൂ ഹാംഷെയറിൽ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംസ്ഥാനത്തെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ കോൺഗ്രസ് അംഗമായി അദ്ദേഹം ശ്രദ്ധേയനായത്. തുടർന്ന് ജനപ്രതിനിധി സഭയിൽ നാല് തവണ തുടർച്ചയായി വിജയിച്ച പപ്പാസ്, വിമുക്തഭടന്മാരുടെ ക്ഷേമം, ചെറുകിട ബിസിനസുകളുടെ വളർച്ച, സ്ത്രീകളുടെ പ്രത്യുത്പാദന സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിൽ സ്വീകരിച്ച ജനകീയ നിലപാടുകളിലൂടെയാണ് സംസ്ഥാനത്തുടനീളം വലിയ സ്വീകാര്യത നേടിയെടുത്തത്.
ആദ്യത്തെ മുസ്ലിം സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ എൽ-സയ്യിദിന്റെയും, ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ വനിതാ ഗവർണറായി വിജയിച്ച കെയ്ഷ ലാൻസ് ബോട്ടംസിന്റെയും ചരിത്ര നേട്ടങ്ങൾക്ക് പിന്നാലെ ക്രിസ് പപ്പാസ് കുറിച്ച ഈ റെക്കോർഡും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ലുകളിലൊന്നായി അടയാളപ്പെടുത്തപ്പെടുകയാണ്.