ആയത്തൊള്ള അലി ഖമേനി, ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു Source: X/ Donald Trump, Benjamin Netanyahu, Ayathollah Ali Khameni
WORLD

"അവർക്ക് കുറ്റബോധം തോന്നിപ്പിക്കണം"; നെതന്യാഹുവിനും ട്രംപിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ

ഇറാൻ്റെ ഇസ്‌ലാമിക് റിപ്പബ്ലിക് നേതൃത്വത്തിന് നിരന്തരം വെല്ലുവിളി തീർക്കുന്ന, ഈ അമേരിക്കൻ, ഇസ്രയേൽ നേതാക്കളെ അധികാരഭ്രഷ്ടരാക്കുന്നതിന് ലോക മുസ്‌ലിങ്ങൾ ഒരുമിക്കണമെന്നും ഷിരാസി ആഹ്വാനം ചെയ്തു.

Author : ന്യൂസ് ഡെസ്ക്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനേയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും ദൈവത്തിൻ്റെ ശത്രുക്കളായി പ്രഖ്യാപിച്ച് ഫത്‌വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി. ഇറാൻ്റെ ഇസ്‌ലാമിക് റിപ്പബ്ലിക് നേതൃത്വത്തിന് നിരന്തരം വെല്ലുവിളി തീർക്കുന്ന, ഈ അമേരിക്കൻ, ഇസ്രയേൽ നേതാക്കളെ അധികാരഭ്രഷ്ടരാക്കുന്നതിന് ലോക മുസ്‌ലിങ്ങൾ ഒരുമിക്കണമെന്നും ഷിരാസി ആഹ്വാനം ചെയ്തു.

ഇറാനെ ആക്രമിക്കുന്ന ഏതൊരു ശക്തിയേയും ദൈവത്തിനെതിരായി പോരാടുന്ന 'മൊഹറേബ്' ആയി കണക്കാക്കണമെന്നും ഫത്‌വയിൽ പറയുന്നു. ഇറാനിയൻ നിയമപ്രകാരം ഇക്കൂട്ടർക്ക് വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ മുറിച്ചുമാറ്റൽ അല്ലെങ്കിൽ നാടുകടത്തൽ എന്നീ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

"ആ ശത്രുവിനൊപ്പം ചേർന്ന് മുസ്‌ലിങ്ങളോ ഇസ്ലാമിക രാഷ്ട്രങ്ങളോ നടത്തുന്ന ഏതൊരു നീക്കവും ഹറാമാണ്. ഈ ശത്രുക്കളെ അവരുടെ തെറ്റായ വാക്കുകളിലും പ്രവൃത്തികളിലും കുറ്റബോധമുള്ളവരാണെന്ന് തോന്നിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഫത്‌വ പറയുന്നു. ജൂൺ 13ന് ഇസ്രയേൽ ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട 12 ദിവസം നീളുന്ന സംഘർഷങ്ങൾക്ക് പിന്നാലെയാണ് ഈ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

അമേരിക്കൻ പിന്തുണയോടെയുള്ള ഇസ്രയേലിൻ്റെ ആക്രമണത്തിൽ ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത സൈനിക കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഇരു രാജ്യങ്ങളും ചേർന്ന് ഇറാൻ്റെ മൂന്ന് സുപ്രധാന ആണവ കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു.

ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിലൂടെയാണ് ഇറാൻ ടെൽ അവീവിനും മറ്റു ഇസ്രയേലി നഗരങ്ങൾക്കും നേരെ തിരിച്ചടിച്ചത്. ഇറാനെ ആണവായുധം വികസിപ്പിക്കുന്നതിൽ നിന്ന് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ നിലപാടറിയിച്ചിരുന്നു. ഖത്തറിലെ ഒരു അമേരിക്കൻ സൈനിക താവളത്തിന് നേരെയും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു.

SCROLL FOR NEXT