ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ മരണത്തിൽ നിന്ന് രക്ഷിച്ചത് താനാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "ഖമേനിയെ വിരൂപവും അപമാനകരവുമായ മരണത്തിൽ നിന്ന് ഞാൻ രക്ഷിച്ചു. അതിന് നന്ദി പറയേണ്ട, പക്ഷേ യുദ്ധം ജയിച്ചെന്ന കള്ളം പറയരുത്" ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു.
ഖമേനി എവിടെയാണ് ഒളിച്ചിരുന്നതെന്ന് തനിക്കറിയാമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവനെടുക്കാൻ ഇസ്രയേലിനെയോ യുഎസ് സൈന്യത്തെയോ താൻ അനുവദിച്ചില്ല. ഒരു മതവിഭാഗത്തിൻ്റെ മഹാവ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം കള്ളം പറയാൻ പാടില്ല. ഇറാൻ്റെ മൂന്ന് ആണവകേന്ദ്രങ്ങളും ഇസ്രയേലും യുഎസ് ചേർന്ന് തകർത്തു എന്നും ട്രംപ് പറയുന്നു.
താൻ പറഞ്ഞിട്ടാണ് ഇസ്രയേലിന്‍റെ ചില വിമാനങ്ങൾ തിരിച്ചു പറന്നത്. അവർ അവസാന നിഗ്രഹത്തിനായി ടെഹ്‌റാനിലേക്ക് പറക്കുകയായിരുന്നു. അത് സംഭവിച്ചിരുന്നുവെങ്കിൽ വലിയ നാശങ്ങളുണ്ടാവുമായിരുന്നു.ഇറാനിൽ ഒരുപാട് ആളുകൾ കൊല്ലപ്പെടുമായിരുന്നുവെന്നും ട്രംപ് തന്‍റെ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം യുഎസിനും ഇസ്രയേലിനുമെതിരെ വിജയകാഹളം മുഴക്കികൊണ്ട് ആയത്തൊള്ള ഖമേനി തൻ്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ഇറാൻ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡൻ്റ് പറഞ്ഞു.ഈ പ്രസ്താവന യുഎസ് പ്രസിഡൻ്റിൻ്റെ വായിൽ നിന്ന് പുറത്തുവരേണ്ട കാര്യമല്ലെന്നും ഖമേനി പറഞ്ഞു. ആണവ നിരായുധീകരണത്തിലോ, ആണവ വ്യവസായത്തിലോ അല്ല നോട്ടം. ഇപ്പോൾ അവർക്ക് ആവശ്യം ഇറാൻ്റെ കീഴടങ്ങലിൽ ആണ്. അത് ഒരിക്കലും സംഭവിക്കാൻ പോകുന്നില്ലെന്നും ഖമേനി ചൂണ്ടിക്കാട്ടി.
"പ്രധാന യുഎസ് താവളങ്ങളിലൊന്നായ അൽ-ഉദൈദ് വ്യോമതാവളത്തെ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. മേഖലയിലെ പ്രധാന യുഎസ് കേന്ദ്രങ്ങളിലേക്ക് ഇറാൻ സൈന്യത്തിന് ഇപ്പോഴും പ്രവേശനമുണ്ടെന്നും,ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം നടപടിയെടുക്കാൻ കഴിയുമെന്നതും ഒരു പ്രധാന കാര്യമാണ്. ഭാവിയിലും അത്തരമൊരു നടപടി ആവർത്തിക്കപ്പെടാം. എന്തെങ്കിലും ആക്രമണം ഉണ്ടായാൽ ശത്രു തീർച്ചയായും കനത്ത വില നൽകേണ്ടി വരും, ഖമേനി മുന്നറിയിപ്പ് നൽകി.