കാതറിൻ കൊണോളി Source: Screengrab
WORLD

അയർലൻഡ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: ചരിത്രവിജയം നേടി ഇടതുപക്ഷ സ്ഥാനാർഥി കാതറിൻ കൊണോളി

ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അയർലൻഡിൻ്റെ പത്താമത് പ്രസിഡൻ്റായി കാതറിൻ തെരഞ്ഞെടുക്കപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

അയർലൻഡിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ പിന്തുണയോടുകൂടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കൊണോളിക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അയർലൻഡിൻ്റെ പത്താമത് പ്രസിഡൻ്റായി കാതറിൻ തെരഞ്ഞെടുക്കപ്പെട്ടത്. ഗോൾവേ സൗത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു 67 വയസ് പ്രായമുള്ള കാതറിൻ. നേരത്തെ ലേബർ പാർട്ടി പ്രതിനിധിയായി ഗോൾവേ മേയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി അയർലൻഡിലെ ഇടതുപക്ഷ കക്ഷികൾ ഒരുമിച്ചു പിന്തുണ നൽകിയ സ്ഥാനാർഥി കൂടിയാണ് കാതറിൻ. പ്രധാന പ്രതിപക്ഷ കക്ഷികൾ ആയ ഷിൻ ഫൈൻ, ലേബർ പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, വർക്കേഴ്സ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികളുടെയും ഗ്രീൻ പാർട്ടിയുടെയും പിന്തുണ കാതറിന് ഉണ്ടായിരുന്നു. പോൾ ചെയ്ത വോട്ടുകളുടെ 63 % വോട്ട് നേടിയാണ് കാതറിൻ തെരഞ്ഞെടുക്കപ്പെട്ടത്. 9,14,143 വോട്ട് കാതറിൻ നേടിയപ്പോൾ തൊട്ടടുത്ത എതിരാളി ആയ ഹെതർ ഹംഫ്രീയ്ക്ക് ലഭിച്ചത് 23 % വോട്ടുകൾ മാത്രമാണ്. 4,24,987 വോട്ടുകളാണ് ഹെതറിനു ലഭിച്ചത്. ഭരണകക്ഷിയായ ഫിൻ ഗെയിലിൻ്റെ സ്ഥാനാർഥിയാണ് ഹെതർ.

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് നിർണായകമായിരുന്നു പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. കുടിയേറ്റക്കാരെയും അഭയാർഥികളെയും പലസ്തീനെയും പിന്തുണയ്ക്കുന്ന കാതറിനെതിരെ അയർലൻഡിലെ തീവ്ര വലതുപക്ഷം വ്യാപകമായ പ്രചരണം നടത്തിയിരുന്നു. ഇത്തരം പ്രചരണങ്ങളെ അതിജീവിച്ചാണ് ഐറിഷ് സമൂഹം കാതറിൻ കൊണോളിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തി അയർലൻഡ് എന്ന ഇടതുപക്ഷ സംഘടനയും കാതറിൻ കൊണോളിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു.

ഞാന്‍ ആളുകളെ കേള്‍ക്കുകയും, പ്രതികരിക്കുകയും, അവശ്യഘട്ടങ്ങളില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കുമെന്നും ജയത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡൻ്റ് കാതറിൻ കൊണോളി പ്രതികരിച്ചു. സമാധാനത്തിന് വേണ്ടി സംസാരിക്കുന്ന തൻ്റെ നിലപാട് നിഷ്പക്ഷതയുടേത് ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും വില മതിക്കുന്ന പുതിയൊരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന നിലപാടാണ് താന്‍ പ്രചാരണത്തിലുടനീളം കൈക്കൊണ്ടതെന്ന് വ്യക്തമാക്കിയ കോണോളി, എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും, പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിങ്ങളെല്ലാവരും നിങ്ങളാൽ കഴിയുന്ന തരത്തിൽ ശബ്ദം ഉയർത്തുക തന്നെ വേണം. കാരണം ഒരു റിപ്പബ്ലിക്കിനും അതിൻ്റെ ജനാധിപത്യ വ്യവസ്ഥയ്ക്കും സൃഷ്ടിപരമായ ചോദ്യം ചെയ്യലുകൾ ആവശ്യമാണ്. അങ്ങനെ സംഭവിച്ചെങ്കിൽ മാത്രമേ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പുതിയ രാഷ്ട്രം നമുക്ക് കെട്ടിപ്പിടിക്കാൻ കഴിയൂ എന്നും അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

SCROLL FOR NEXT