ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുകയാണോ എന്ന അഭ്യൂഹങ്ങൾക്കിടെ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച ചർച്ചയാകുന്നു. മുൻകൂട്ടി പ്രഖ്യാപിക്കാത്ത ഹെഗ്സെത്തിന്റെ ഇസ്രായേൽ സന്ദർശനത്തിനിടെ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ആക്സിയോസ് ആണ് റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇസ്രായേലിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും ഇറാനുമായുള്ള സംഘർഷത്തിനും ഈ നീക്കങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
അമേരിക്ക ഇറാനെതിരെ പുതിയ ആക്രമണം നടത്താൻ ആലോചിക്കുന്നുണ്ടാകാമെന്ന വിലയിരുത്തലുകളും ഇതിനിടെ ഉയരുന്നുണ്ട്. എന്നാൽ, പുതിയ സൈനിക ആക്രമണത്തിന് തീരുമാനമെടുത്തതായി ഔദ്യോഗിക സ്ഥിരീകരണമില്ല.
ട്രംപിന്റെ പിന്തുണ നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയത്തിൽ നേട്ടമായേക്കാമെങ്കിലും, ഇസ്രായേലിലെ തെരഞ്ഞെടുപ്പ് ഫലത്തെ അത് എത്രത്തോളം സ്വാധീനിക്കുമെന്ന് വ്യക്തമല്ല. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും സർക്കാരിനെതിരായ ജനവികാരവും നെതന്യാഹുവിന് വെല്ലുവിളിയായി തന്നെ തുടരുന്നു.
അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഇടപെടാൻ താൽപര്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
“ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നത് അമേരിക്കൻ സ്ഥാനാർഥികൾക്കാണ്. ഇപ്പോൾ എന്റെ ശ്രദ്ധ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിലാണ്,” ഡിജിറ്റൽ മാധ്യമമായ 2വേയ്ക്ക് നൽകിയ അഭിമുഖത്തിൽ വാൻസ് പറഞ്ഞു.
എന്തിരുന്നാലും, വാൻസിൻ്റെ ഈ നിലപാട് അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ വ്യത്യസ്ത രാഷ്ട്രീയ സമീപനങ്ങളിലേക്ക് വിരൽചൂണ്ടുകയാണ്.