ഗാസയില്‍ വീണ്ടും ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേല്‍. ഹമാസ് നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ നടപടി. ശക്തമായി ഗാസയില്‍ തിരിച്ചടി നടത്തണമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രയേല്‍ 125 ഓളം ലംഘനങ്ങള്‍ നടത്തിയെന്ന് ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ 94 പേരാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം മാത്രം ഗാസയില്‍ കൊല്ലപ്പെട്ടത്.
അതേസമയം വെടിനിര്‍ത്തല്‍ കരാറില്‍ മാറ്റമില്ലെന്നും അത് തുടരുന്നുണ്ടെന്നും യുഎസിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാനത്തിനായുള്ള ആസൂത്രണം പല വെല്ലുവിളികളും നേരിടുന്നതാണെങ്കിലും അത് നടപ്പാക്കാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടതിന് പിന്നാലെ, ചൊവ്വാഴ്ച കൈമാറാന്‍ തീരുമാനിച്ചിരുന്ന മറ്റൊരു ബന്ദിയുടെ മൃതദേഹം കൈമാറുന്നത് നീട്ടിവയ്ക്കുമെന്ന് ഹമാസും വ്യക്തമാക്കി. വെടി നിര്‍ത്തല്‍ കരാറില്‍ തീരുമാനിച്ചത് പ്രകാരം തിങ്കളാഴ്ച 28 ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 68,527 പേരാണ് കൊല്ലപ്പെട്ടത്. 170,395 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.