ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിൽ പലയിടത്തായി ഇന്നും ഇസ്രയേൽ വ്യോമാക്രമണങ്ങളും വെടിവയ്പ്പുകളും തുടരുകയാണ്. ഒക്ടോബർ 10ന് നിലവിൽ വന്ന ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കുന്നതിനായി യുഎസ് പ്രതിനിധികൾ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കിഴക്കൻ ഗാസ നഗരത്തിലെ തുഫ സമീപത്തുള്ള അൽ ഷാഫ് പ്രദേശത്ത് ഇസ്രയേൽ സൈന്യം നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നാല് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ സിവിൽ ഡിഫൻസ് ഏജൻസി ആരോപിച്ചു. മഞ്ഞ അതിർത്തി രേഖ കടന്ന് തുഫയോട് ചേർന്നുള്ള ഷുജായെയിൽ ഇസ്രയേൽ സൈന്യത്തെ സമീപിച്ച തീവ്രവാദികൾക്ക് നേരെ വെടിയുതിർത്തതായും, ഇവർ ഇസ്രയേൽ സൈനികർക്ക് നേരെ ഭീഷണി ഉയർത്തിയതായും സൈന്യം അവകാശപ്പെട്ടു.
ഒക്ടോബർ 4ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കിട്ട ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മഞ്ഞ വര, ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേൽ സൈന്യം പിൻവാങ്ങി നിലയുറപ്പിച്ച അതിർത്തിയാണ്. ഈ അതിർത്തി വര വ്യക്തമായി കാണാൻ കഴിയാത്തതിനാൽ ലൈനിൻ്റെ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്ന് ഗാസ നഗരവാസികൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇസ്രയേൽ സൈന്യം ഗാസയിലേക്ക് തിരിച്ചയച്ച പലസ്തീനികളുടെ വികൃതമാക്കപ്പെട്ട 135 മൃതദേഹങ്ങൾ നെഗേവ് മരുഭൂമിയിലെ സൈനിക താവളമായ സ്ഡെ ടീമാനിൽ നിന്ന് എത്തിച്ചതാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ആരോപിച്ചു. ദി ഗാർഡിയനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതിക്രൂരമായ പീഡനങ്ങൾക്കും നിയമവിരുദ്ധമായ കസ്റ്റഡി മരണങ്ങൾക്കും കുപ്രസിദ്ധമായ ഒരു തടങ്കൽ കേന്ദ്രമാണിത്.
ഈ സൈനിക കേന്ദ്രത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ നിരവധി കുറ്റം ചുമത്തിയിട്ടുണ്ട്. പലസ്തീൻ തടവുകാരെ കൂടുകൾ പോലുള്ള ജയിലുകളിൽ അടച്ചും, കണ്ണുകൾ കെട്ടിയും കൈകൾ ബന്ധിച്ചും, ആശുപത്രി കിടക്കകളിൽ ചങ്ങലയ്ക്കിട്ടും, മലമൂത്രം വിസർജനം നടത്താൻ പോലുമനുവദിക്കാതെ ഡയപ്പർ ധരിക്കാൻ നിർബന്ധിച്ചുമെല്ലാം ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.