നെതന്യാഹു  News Malayalam 24x7
WORLD

നെതന്യാഹു പുറത്തേക്ക്; ഗാദി ഐസൻകോട്ട് പ്രധാനമന്ത്രി പദത്തിന് അടുത്ത്: ഞായറാഴ്ച നിര്‍ണായകം

രാഷ്ട്രീയ പാർട്ടികളുമായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് നടത്തിയ കൂടിയാലോചനകൾക്ക് പിന്നാലെയാണ് ഭൂരിപക്ഷം നിയമസഭാംഗങ്ങളും ഐസൻകോട്ടിനെ പിന്തുണച്ചത്.

Author : ന്യൂസ് ഡെസ്ക്

ജറുസലേം: യഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിന് ഇസ്രയേലിൽ അടുത്ത സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെക്കാൾ കൂടുതൽ എംപിമാരുടെ പിന്തുണ. നെതന്യാഹുവിന് 46 എംപിമാരുടെ പിന്തുണ ലഭിച്ചപ്പോൾ ഐസൻകോട്ടിന് 67 നെസറ്റ് അംഗങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്.

രാഷ്ട്രീയ പാർട്ടികളുമായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് നടത്തിയ കൂടിയാലോചനകൾക്ക് പിന്നാലെയാണ് ഭൂരിപക്ഷം നിയമസഭാംഗങ്ങളും ഐസൻകോട്ടിനെ പിന്തുണച്ചത്. ഒക്ടോബർ 27-ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നെതന്യാഹുവിനോ അദ്ദേഹത്തിന്റെ എതിരാളിയും മുൻ സൈനിക മേധാവിയുമായ ഐസൻകോട്ടിനോ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ നേടാനായില്ല.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അടുത്ത സർക്കാർ രൂപീകരിക്കാൻ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നതിനായി പ്രസിഡന്റ് ഹെർസോഗ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി കൂടിയാലോചനകൾ ആരംഭിച്ചു. ഞായറാഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലെ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള വാരാന്ത്യത്തിൽ ചില പാർട്ടി നേതാക്കളുമായി നേരിട്ടുള്ള ചർച്ചകൾ നടത്തുമെന്നും ഹെർസോഗ് വ്യക്തമാക്കിയതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. 120 അംഗ നെസറ്റിൽ നേരത്തെയുണ്ടായിരുന്ന 68 സീറ്റുകളിൽ നിന്ന് സഖ്യത്തിന്റെ അംഗബലം 53 ആയി കുറഞ്ഞു. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സയണിസ്റ്റ് പാർട്ടികളുടെ 'ചേഞ്ച് ബ്ലോക്കിന്' 48 സീറ്റുകളാണ് ലഭിച്ചത്. ഇതോടെ ഇസ്രയേലിലെ ഫലസ്തീൻ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്ക് സർക്കാർ രൂപീകരണത്തിൽ നിർണായക സ്വാധീനം ലഭിച്ചു. ഈ പാർട്ടികൾക്ക് ആകെ 19 സീറ്റുകളുണ്ട്.

ജോയിന്റ് ലിസ്റ്റ് 11 സീറ്റുകൾ നേടിയപ്പോൾ കൂടുതൽ യാഥാസ്ഥിതിക നിലപാടുള്ള ഇസ്ലാമിക പാർട്ടിയായ റാം എട്ട് സീറ്റുകളും സ്വന്തമാക്കി. ഹാരെറ്റ്സ് റിപ്പോർട്ട് പ്രകാരം അറബ് ഭൂരിപക്ഷമുള്ള ഇരു പാർട്ടികളും ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പലപ്പോഴും നെതന്യാഹുവിനൊപ്പം നിലയുറപ്പിച്ചിരുന്ന യുണൈറ്റഡ് തോറ ജൂഡായിസം (യുടിജെ) പാർട്ടി ഇരുനേതാക്കളെയും പിന്തുണയ്ക്കാൻ തയ്യാറായില്ല.

പുതിയ സർക്കാർ നെസറ്റിൽ വിശ്വാസവോട്ട് നേടി അധികാരത്തിലെത്തുന്നതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും. ഒരു മുന്നണിക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കി സഖ്യസർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവരും.

SCROLL FOR NEXT