ടെൽ അവീവ്: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ച ഗാസ സമാധാന പദ്ധതിയെ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ ശരിക്കും നിരായുധീകരിക്കുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറില്ലെന്നും നെതന്യാഹു ഇന്ന് പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ഹമാസ് മുന്നോട്ടുവച്ച പതിനഞ്ചിന നിർദേശങ്ങൾ തള്ളിയതായി നെതന്യാഹു അറിയിച്ചു.
"ഹമാസിനെ പൂർണമായും നിരായുധീകരിക്കുന്നത് വരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങില്ല. നമ്മുടെ സേനയ്ക്കും പൗരന്മാർക്കും എതിരായ ഭീഷണികൾ തടയുന്ന പ്രവൃത്തികൾ തുടരും," നെതന്യാഹു മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
2025 ഒക്ടോബറിൽ യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിനൊടുവിൽ തയ്യാറാക്കിയ രേഖയിൽ, ഒരു പുതിയ പലസ്തീൻ ഭരണസമിതിക്ക് മുന്നിൽ ആയുധങ്ങൾ വച്ച് കീഴങ്ങുമെന്ന് ഹമാസ് നിലപാട് വ്യക്തമാക്കിയിരുന്നു. ഹമാസിൻ്റെ നിരായുധീകരണത്തോടൊപ്പം തന്നെ ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാൻ തുടങ്ങുമെന്നും പദ്ധതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ആശയത്തെ ഇസ്രയേൽ ഇപ്പോൾ ശക്തമായി എതിർക്കുന്നതായും, ഹമാസിൻ്റെ ആയുധങ്ങൾ പൂർണമായും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായുമാണ് കാണാനാകുന്നത്.
ഗാസ സമാധാന പദ്ധതിയെക്കുറിച്ചുള്ള തങ്ങളുടെ എതിർപ്പുകളെക്കുറിച്ച് ഇസ്രയേൽ യുഎസുമായി സംസാരിച്ച് വരികയാണെന്നും നെതന്യാഹു പറഞ്ഞു. "ഹമാസിന് ചില ആശയങ്ങളുണ്ട്. അവയിൽ ചിലത് ഇസ്രയേലിന് സ്വീകാര്യമാണ്. എന്നാൽ ചില വിഷയങ്ങളിൽ അങ്ങനെയല്ല. ഈ കാര്യങ്ങളിൽ നിലപാട് എങ്ങനെ സ്വീകരിക്കണമെന്ന് ഞങ്ങൾക്കറിയാം," നെതന്യാഹു പറഞ്ഞു.
"ഹമാസ് എല്ലാ ആയുധങ്ങളും ഉപേക്ഷിക്കണം. ഈ ലക്ഷ്യം യാഥാർഥ്യ ബോധത്തോടെ കൈവരിക്കാനാവില്ലെന്ന് സമാധാന ബോർഡ് അംഗങ്ങൾ തന്നെ പറയുന്നു. നമ്മൾ സംസാരിക്കുന്നത് യഥാർഥ നിരായുധീകരണത്തെ കുറിച്ചാണ്. സാങ്കൽപ്പിക നിരായുധീകരണത്തെ കുറിച്ചല്ല,” നെതന്യാഹു പറഞ്ഞു. അതേസമയം, ഗാസ സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ യുഎസ് ഗവൺമെൻ്റ് ഇസ്രയേലിന് മുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസ്സെം നെയിം പറഞ്ഞു.
മൂവായിരം വർഷത്തിനൊടുവിലുണ്ടായ ചരിത്രനിമിഷം എന്നായിരുന്നു 2025 ഒക്ടോബറിൽ ഗാസ സമാധാന കരാറില്‍ ഒപ്പുവച്ച ശേഷം ട്രംപിൻ്റെ ആദ്യ പ്രതികരണം. ഈജിപ്ത്, ഖത്തർ, തുർക്കി മധ്യസ്ഥരും കരാറില്‍ ഒപ്പുവച്ചിരുന്നു. യുഎസും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ച് കൊണ്ടുള്ള കരാർ ഒപ്പുവച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതും അന്ന് ചർച്ചയായിരുന്നു. പിന്നാലെ ഉടമ്പടി പ്രകാരമുള്ള ബന്ദി കൈമാറ്റവും ശ്രദ്ധേയമായിരുന്നു.