ഗാസ Source: News Malayalam24x7
WORLD

വെടിനിർത്തല്‍ ശ്രമങ്ങള്‍ക്കിടെ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 58 പേർ

ഗാസ സിറ്റിയിലെ സെയ്തൂണിന്‍റെ കിഴക്കൻ പ്രദേശങ്ങളില്‍ ഇസ്രായേലി ടാങ്കുകൾ ഷെല്ലാക്രമണം നടത്തി

Author : ന്യൂസ് ഡെസ്ക്

വെടിനിർത്തല്‍ പുനസ്ഥാപിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ബോംബിങ് ശക്തമാക്കിയത്. ഇതോടെ ഗാസ നഗരത്തിൽ നിന്നും ജബാലിയയിൽ നിന്നും കൂട്ടപ്പലായനത്തിലാണ് നൂറുകണക്കിന് കുടുംബങ്ങള്‍. 20 മാസത്തിലധികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ആഹ്വാനം ചെയ്‌ത് 48 മണിക്കൂറിനുശേഷം, ഗാസയില്‍ ഇന്ന് കൊല്ലപ്പെട്ടത് 58 പേരാണ്.

യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തല്‍ ചർച്ച നിർണായക പുരോഗതി കൈവരിച്ചെന്ന് അവകാശപ്പെട്ടിരിക്കെയാണ് വടക്കന്‍ ഗാസയിലുടനീളം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനു പിന്നാലെ അടുത്തകാലത്തെ ഏറ്റവും ശക്തമായ ആക്രമണങ്ങള്‍ക്കാണ് മേഖല സാക്ഷ്യം വഹിക്കുന്നത്. ഗാസ സിറ്റിയിലെ സെയ്തൂണിന്‍റെ കിഴക്കൻ പ്രദേശങ്ങളില്‍ ഇസ്രായേലി ടാങ്കുകൾ ഷെല്ലാക്രമണം നടത്തി. അഭയാർഥി കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന നാല് സ്കൂളുകളില്‍ ആക്രമണമുണ്ടായെന്നാണ് പ്രാദേശിക റിപ്പോർട്ടുകള്‍.

ഗാസ സിറ്റിയുടെ ഹൃദയഭാഗം ഉൾപ്പെടുന്ന വടക്കൻ ഗാസയിൽ നിന്ന് സാധാരണക്കാർ തെക്ക് ഖാൻ യൂനിസിലെ അൽ-മവാസിയിലേക്ക് പോകണമെന്നാണ് ഉത്തരവ്. പിന്നാലെ ഐഡിഎഫ് നടത്തിയ ബോംബിംഗില്‍ സെയ്തൂണില്‍ 10 പേരും ജബാലിയയില്‍ 6 പേരും കൊല്ലപ്പെട്ടു. ഇതിനിടെ ഇസ്രയേല്‍ സെെന്യം തന്നെ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച അല്‍ മവാസിയിലെ ക്യാംപിലുണ്ടായ വ്യോമാക്രമണത്തില്‍ 5 പേർ കൊല്ലപ്പെട്ടു. സാധാരണക്കാർക്കിടയില്‍ ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് കൂട്ടഒഴിപ്പിക്കലില്‍ ഇസ്രയേലിന്‍റെ ന്യായീകരണം.

മധ്യസ്ഥരായ ഈജിപ്തും ഖത്തറും അമേരിക്കയുടെ പിന്തുണയോടെ പുതിയ വെടിനിർത്തൽ ശ്രമം ആരംഭിച്ചതിനിടെയാണ് ഇസ്രയേല്‍ സെെനികനടപടി കടുപ്പിക്കുന്നത്. ഗാസ വെടിനിർത്തലും ഇറാന്‍ വിഷയവും ചർച്ചചെയ്യാനായി ബെഞ്ചമിന്‍ നെതന്യാഹൂവിന്‍റെ വിശ്വസ്തനും ഇസ്രയേല്‍ നയതന്ത്രകാര്യ മന്ത്രിയുമായ റോൺ ഡെർമർ ഇന്ന് വാഷിംഗ്ടണിലെത്തുമെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT