ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിൻ്റെ ദൃശ്യം Source: X/@hamzabayulgen23
WORLD

പശ്ചിമേഷ്യയിൽ യുദ്ധഭീതി; ആക്രമണ-പ്രത്യാക്രമണങ്ങൾ തുടർന്ന് ഇസ്രയേലും ഇറാനും; 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 3' ആരംഭിച്ചെന്ന് ഇറാൻ

ടെൽ അവീവിലേക്ക് ഇറാൻ നൂറോളം മിസൈലുകൾ വർഷിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

ലോകത്തെ യുദ്ധഭീതിയിലാക്കി ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇസ്രയേലിൻ്റെ ആക്രമണങ്ങൾക്ക് ഇറാൻ കനത്ത തിരിച്ചടി നൽകി. ടെൽ അവീവിലും ജെറുസലേമിലും സ്ഫോടനങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. ടെൽ അവീവിലേക്ക് ഇറാൻ നൂറോളം മിസൈലുകൾ വർഷിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇസ്രയേലിൻ്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ അവകാശവാദം ഇസ്രയേൽ തള്ളി.

ആണവകേന്ദ്രങ്ങളിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് ഇറാൻ. 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 3' എന്ന പേരിൽ ഇസ്രയേൽ പ്രതിരോധ കേന്ദ്രങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാൻ്റെ പ്രത്യാക്രമണത്തിൽ ടെൽ അവീവിൽ 40 ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നും 320 പേർക്ക് പരിക്കേറ്റെന്നും ഇറാൻ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു.

ഇസ്രയേലും ഇറാനും നേർക്കുനേർ ആക്രമണത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ രൂക്ഷമായി. ഇസ്രയേലിന് കടുത്ത മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ്റെ തിരിച്ചടി. 'ഓപ്പറേഷൻ ട്രൂ പ്രോമിസ് -3' എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലേക്ക് നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും, ഡ്രോണുകളും ഇറാന്‍ തൊടുത്തുവിട്ടു.

ഇസ്രയേലിൻ്റെ സൈനിക കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ജറുസലേമിലും ടെൽ അവീവിലും സ്ഫോടനങ്ങളുണ്ടായി. ഇസ്രയേലിൻ്റെ അയൺഡോം പ്രതിരോധം മറികടന്ന ഇറാൻ മിസൈലുകൾ തകർത്തത് നിരവധി കെട്ടിടങ്ങളാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഇസ്രയേൽ നൽകിയ മുന്നറിയിപ്പ്. ഇറാൻ്റെ ആക്രമണം സാധാരണക്കാർക്ക് നേരെയെന്നും ഇറാൻ പരിധികൾ ലംഘിച്ചെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. ഇസ്രയേലിൻ്റെ ആക്രമണം ഇറാനിലെ ജനങ്ങൾക്കെതിരല്ല, മറിച്ച് ഭരണ നേതൃത്വത്തെ ലക്ഷ്യം വെച്ചാണെന്ന വാദമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉയർത്തുന്നത്.

ഇറാൻ്റെ ഭീഷണിയെ നേരിടുന്നതിനായി 'ഓപ്പറേഷൻ റൈസിങ് ലയൺ' തുടരുമെന്ന് അറിയിച്ച ഇസ്രയേൽ ശക്തമായ തിരിച്ചടി നൽകുകയും ചെയ്തു. ടെഹ്റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ ആക്രമണം നടത്തിയായിരുന്നു ഇസ്രയേൽ പ്രതികാരം. പിന്നാലെ ഇസ്രയേൽ യുദ്ധകാര്യ മന്ത്രാലയത്തിൻ്റെ ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ചുവെന്ന് ഇറാനും വാദമുയർത്തി.

ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായും 320 പേർക്ക് പരിക്കേറ്റതായും ഇറാൻ പ്രതിനിധി അമീർ സെയ്ദ് യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു. യുഎൻ സുരക്ഷാ സമിതിയിൽഇസ്രയേലിൻ്റേത് സ്വയം പ്രതിരോധമാണെന്ന് പറഞ്ഞ ഇസ്രയേൽ അംബാസഡർ ഡാനി ഡാനൻ, ഇറാൻ കൂടുതൽ ആണവായുധങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ആരോപിച്ചു.

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളായ ഫോര്‍ദോയിലും ഇസ്ഫഹാനിലും ഇസ്രായേലിൻ്റെ ആക്രമണം നടന്നുവെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചതായി അന്തര്‍ദേശീയ ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി യുഎന്‍ സുരക്ഷാ സമിതിയിൽ പറഞ്ഞു. ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രം തകര്‍ന്നതായും റാഫേല്‍ ഗ്രോസി സമിതിയെ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് ഇസ്രയേൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുകയും ഉന്നത സൈനിക മേധാവികളെ കൊലപ്പെടുത്തുകയും ചെയ്തത്. ആണവ പദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഉടമ്പടിയിലെത്തണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം തവണയും ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിനിടെ യെമനിലെ ഹൂതി വിമതരും ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം നടത്തി.

SCROLL FOR NEXT