ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദേശീയ മാധ്യമങ്ങളെ കാണുന്നു. Source: X/ Benjamin Netanyahu, Screen Grab
WORLD

"ഇസ്രയേൽ മധ്യേഷ്യയുടെ മുഖച്ഛായ മാറ്റുകയാണ്"; ഇറാനെ ആക്രമിക്കാനുള്ള മൂന്ന് കാരണങ്ങൾ വ്യക്തമാക്കി നെതന്യാഹു

ഈ സൈനിക നീക്കങ്ങൾ ഇറാനിൽ സമൂലമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

ഇറാനെതിരായ സൈനിക നീക്കത്തിലൂടെ ഇസ്രയേൽ മധ്യേഷ്യയുടെ മുഖച്ഛായ മാറ്റുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് ഇറാനിൽ സമൂലമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.

"ഈ സൈനിക നീക്കത്തിലൂടെ ഇസ്രയേൽ മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് പിന്തുടരുന്നത്. ഒന്ന് ഇറാൻ്റെ ആണവ പദ്ധതി ഇല്ലാതാക്കുക, ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ നിർമാണ ശേഷി ഇല്ലാതാക്കുക, തീവ്രവാദത്തിൻ്റെ അച്ചുതണ്ട് ഇല്ലാതാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ," നെതന്യാഹു വിശദീകരിച്ചു. മിഡിൽ ഈസ്റ്റിലെ ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളെ പരാമർശിച്ച് കൊണ്ടായിരുന്നു നെതന്യാഹു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

"ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായത് ഞങ്ങൾ ചെയ്യും. അമേരിക്കയുമായി ഞങ്ങൾ നല്ല ഏകോപനത്തിലാണ്," നെതന്യാഹു പറഞ്ഞു. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.

ഇറാൻ്റെ ആണവ-മിസൈൽ പദ്ധതികൾ ഉയർത്തുന്ന അസ്തിത്വപരമായ ഭീഷണികളെ തടയുക എന്നതാണ് ഇസ്രയേൽ ആക്രമണത്തിൻ്റെ ലക്ഷ്യമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി വധിക്കപ്പെടുന്നതോടെ നിലവിലെ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു തിങ്കളാഴ്ച പറഞ്ഞിരുന്നു. ഖമേനിയെ വധിക്കുന്നതോടെ സംഘർഷം വർധിക്കാനിടയില്ലെന്നും ഉടനെ അവസാനിക്കാനാണ് സാധ്യതയെന്നും നെതന്യാഹു വിശദീകരിച്ചു.

എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അത്തരമൊരു നടപടി നെതന്യാഹു നൽകിയത്. ഖമേനിയുടെ വധം പരിഗണനയിലുണ്ടോ എന്ന് നെതന്യാഹുവിനോട് ചോദിച്ചപ്പോൾ, "നമ്മൾ ചെയ്യേണ്ടതെന്താണോ അതാണ് ഇസ്രയേൽ ചെയ്യുന്നത്" എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ മറുപടി.

മിഡിൽ ഈസ്റ്റിൽ എല്ലാവരെയും ഭയപ്പെടുത്തുന്ന ഇറാൻ ഭരണകൂടം അരനൂറ്റാണ്ടായി മേഖലയിൽ സംഘർഷം വ്യാപിപിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. "ഇറാൻ ആഗ്രഹിക്കുന്നത് ശാശ്വത യുദ്ധമാണ്. അവർ നമ്മളെ ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുകയാണ്. ഇസ്രയേൽ വാസ്തവത്തിൽ ചെയ്യുന്നത് ഇത് തടയുകയാണ്. തിന്മയുടെ ശക്തികളെ ചെറുത്തു നിന്ന് കൊണ്ട് മാത്രമെ നമുക്കത് ചെയ്യാൻ കഴിയൂ," നെതന്യാഹു ഇന്നലെ പറഞ്ഞു.

SCROLL FOR NEXT