Israel-Iran Conflict Highlights | ഇസ്രയേലില്‍ വീണ്ടും ഇറാന്‍ ആക്രമണം; എട്ടോളം മിസൈലുകള്‍ വിക്ഷേപിച്ചു

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിനവും തുടരുന്നു. യുദ്ധസമാനമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ പശ്ചിമേഷ്യയില്‍ ആശങ്കയുടെ കാര്‍മേഘം മൂടുകയാണ്. തിങ്കളാഴ്ച ടെഹ്‌റാന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഇറാന്റെ ദേശീയ മാധ്യമ ആസ്ഥാനമാണ് ഇസ്രയേല്‍ ആക്രമിച്ചത്.
Benjamin Netanyahu and Ayatollah Ali Khamenei
ബെഞ്ചമിൻ നെതന്യാഹു, ആയത്തുള്ള അലി ഖമേനിSource: X/ Benjamin Netanyahu, Ayatollah Ali Khamenei

ട്രംപ് വിട്ടു നിൽക്കും

G-7 ഉച്ചകോടിയിൽ ഇസ്രയേല്‍- ഇറാന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ട്രംപിന്റെ തീരുമാനം

ട്രംപിന് റൊണാൾഡോയുടെ സമാധാന സന്ദേശം 

Benjamin Netanyahu and Ayatollah Ali Khamenei
'Playing for Peace'; ഡൊണാള്‍ഡ് ട്രംപിന് റൊണാള്‍ഡോയുടെ സന്ദേശം

ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിടല്‍ തുടരും

ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:00 വരെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചിടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു.

ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറിയും

ജി-7 ഉച്ചകോടിയില്‍ നിന്ന് ട്രംപിനൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും മടങ്ങി. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെയാണ് ട്രംപിന്റെ മടക്കം.

വെടിനിര്‍ത്തലിന് മുന്‍കൈയ്യെടുക്കാന്‍ ട്രംപ്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ സാധ്യത ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇരു കക്ഷികളും അത് പിന്തുടരുമോ എന്ന് കണ്ടറിയണമെന്നും ജി-7 ഉച്ചകോടിയില്‍ മാക്രോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല': 7 സംയുക്ത പ്രസ്താവന

ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ജി-7 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന. ഇറാന് ഒരിക്കലും ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ കഴിയില്ലെന്നും ഇറാനിയന്‍ പ്രതിസന്ധി ഗാസയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ ശത്രുത കൂടുതല്‍ വഷളാകുന്നതിലേക്ക് നയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇസ്രയേലിലെ യുഎസ് എംബസി അടച്ചിടും

ജറുസലേമിലെ യുഎസ് എംബസി ഇന്നും അടച്ചിടും. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വീടുകളിലും അഭയ കേന്ദ്രങ്ങളിലും തുടരണമെന്ന് എംബസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

മലയാളികൾ സുരക്ഷിതരാണ്: നോർക്ക സിഇഒ

ഇസ്രയേലിലും ഇറാനിലും ധാരാളം മലയാളികള്‍ ഉണ്ട്. എല്ലാവരും സുരക്ഷിതരാണ്. ഇറാനിലുള്ള മലയാളികളെ ടെഹ്‌റാനില്‍ നിന്ന് മാറ്റി. ഇറാനില്‍ മലയാളി വിദ്യാര്‍ഥികള്‍ ഇല്ലെങ്കിലും ഇസ്രയേലില്‍ ഉണ്ടെന്നും നോര്‍ക്ക സിഇഒ

ഇറാന്‍ ദേശീയ ചാനലിലെ മിസൈല്‍ ആക്രമണം: രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി IRNA സ്ഥിരീകരിച്ചു. നിമ റജബ്പൂര്‍, മൗസം അസിമി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറാന്‍ ദേശീയ ചാനലിലെ എഡിറ്ററാണ് നിമ രജബ്പൂര്‍.

ജി-7 ഉച്ചകോടിയില്‍ നിന്ന് നിശ്ചയിച്ചതിലും നേരത്തേ മടങ്ങിയത് ഇസ്രയേലും ഇറാനും തമ്മിലുള്ള വെടനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കല്ലെന്ന് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം ട്രംപ് തള്ളി. താന്‍ എന്തിനാണ് അമേരിക്കയിലേക്ക് മടങ്ങിയതെന്ന് അദ്ദേഹത്തിന് അറിയില്ല. എന്തായാലും, അതിന് വെടിനിര്‍ത്തല്‍ ചര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല.

യുഎസിലേക്കുള്ള തന്റെ തിരിച്ചുവരവിന് വെടിനിര്‍ത്തലുമായി ബന്ധമില്ല: ഡൊണാള്‍ഡ് ട്രംപ്

ജി-7 ഉച്ചകോടിയില്‍ നിന്ന് പെട്ടെന്നുള്ള തിരിച്ചുപോക്കിന് ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലുമായി ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് യുഎസ്സിലേക്ക് മടങ്ങിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.

TRUMP 2
TRUMP 2

ഇറാന്റെ മിസൈല്‍ ആക്രമണ മുന്നറിയിപ്പ്; പിന്നാലെ സ്‌ഫോടനങ്ങള്‍

ഇറാന്റെ മിസൈല്‍ ആക്രമണ മുന്നറിയിപ്പിനു പിന്നാലെ ടെല്‍ അവീവിലും ജറുസലേമിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് സ്‌ഫോടനം

ഇറാനിലെ ഇസ്ഫഹാനില്‍ ഇസ്രയേല്‍ ആക്രമണം: മൂന്ന് മരണം

ഇറാനിലെ ഇസ്ഫഹാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മധ്യ ഇസ്ഫഹാനിലെ കാഷാന്‍ നഗരത്തിലെ ചെക്ക്പോസ്റ്റില്‍ ഇന്ന് രാവിലെയാണ് ഇസ്രയേല്‍ ഷെല്ലാക്രമണമുണ്ടായത്. നാല് പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ പുതിയ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേല്‍. തെഹ്റാനില്‍ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. ഇറാന്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്റെ പുതിയ മിലിറ്ററി കമാണ്ടറെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം

അലി ഷാദ്മാനി
അലി ഷാദ്മാനി

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇന്ത്യ എവിടെ നില്‍ക്കും?

Benjamin Netanyahu and Ayatollah Ali Khamenei
Israel-Iran Conflict| ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇന്ത്യ എവിടെ നില്‍ക്കും?

'എരിതീയില്‍ എണ്ണയൊഴിക്കുന്നു'; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ യുഎസിനെതിരെ ചൈന

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസിന്റെ ഇടപെടലില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ചൈന. ടെഹ്‌റാനില്‍ നിന്ന് ഒഴിയണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനോടായിരുന്നു ചൈനയുടെ പ്രതികരണം. എരിതീയില്‍ എണ്ണ കോരി ഒഴിക്കുന്ന നടപടിയാണ് യുഎസിന്റേതെന്ന് ചൈന വിമര്‍ശിച്ചു. ഭീഷണികളും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നത് സ്ഥിതിഗതികള്‍ ലഘൂകരിക്കാന്‍ സഹായിക്കില്ല, മറിച്ച് സംഘര്‍ഷം കൂടുതല്‍ തീവ്രമാക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

ഇസ്രയേലിനെതിരെ പുതിയ ആക്രമണ പരമ്പര പ്രഖ്യാപിച്ച് ഇറാന്‍: റിപ്പോര്‍ട്ട്

ഇസ്രയേലിനെതിരെ പുതിയ ആക്രമണ പരമ്പര പ്രഖ്യാപിച്ച് ഇറാന്‍ എന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിനെതിരെ കൂടുതല്‍ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാന്‍ റവല്യൂണറി ഗാര്‍ഡ്‌സ് അറിയിച്ചതായി ന്യൂസ് ഏജന്‍സിയായ IRNA റിപ്പോര്‍ട്ട് ചെയ്തു.

പുതിയതും നൂതനവുമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് കരസേനാ മേധാവി കിയോമര്‍സ് ഹെയ്ദാരി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യ കശാപ്പുശാലകളായി ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങൾ; ഇന്ന് കൊല്ലപ്പെട്ടത് 51 പലസ്തീനുകാർ

Benjamin Netanyahu and Ayatollah Ali Khamenei
മനുഷ്യ കശാപ്പുശാലകളായി ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങൾ; ഇന്ന് കൊല്ലപ്പെട്ടത് 56 പലസ്തീനുകാർ

ഇസ്രയേലിൻ്റെ രണ്ട് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ

ഇസ്രയേലിൻ്റെ രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെ വിജയകരമായി മിസൈലാക്രമണം നടത്തിയെന്ന് ഇറാൻ സൈന്യത്തിൻ്റെ വാദം. ഒരു സൈനിക കേന്ദ്രവും മൊസാദ് പ്രവർത്തന കേന്ദ്രവും ആക്രമിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നേരത്തെ, മധ്യ തീരദേശ നഗരമായ ഹെർസ്‌ലിയയിലെ ഒരു തന്ത്രപ്രധാന സൈനിക കേന്ദ്രത്തിലും ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഗാസയിലെ ഇസ്രയേൽ ആക്രമണം; 51 പലസ്തീനുകാർ കൊല്ലപ്പെട്ടു, 200 പേർക്ക് പരിക്ക്

ചൊവ്വാഴ്ച രാവിലെ ഖാൻ യൂനിസ് നഗരത്തിൽ ഭക്ഷണ സാധനങ്ങൾ വാങ്ങാനെത്തിയ പലസ്തീനുകാരെ ഇസ്രയേൽ സൈന്യം ആക്രമിച്ചത് ഡ്രോണുകളുടെയും സ്ഫോടക വസ്തുക്കളുടെയും സഹായത്തോടെയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഈ ആക്രമണത്തിൽ 51 പലസ്തീനികൾ കൊല്ലപ്പെട്ടതായും 200 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 21 പേരുടെ നില ഗുരുതരമാണ്.

വഴിയരികിൽ കേടായി കിടന്ന ട്രക്കിന് ചുറ്റും തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാനാണ് വെടിവെച്ചതെന്നും 20 ഓളം പേർ മരിച്ചിട്ടുണ്ടെന്നും ഇസ്രയേലിൻ്റെ മുതിർന്ന സൈനിക വൃത്തങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചു.

"ഞങ്ങളുടെ ആളുകളെ തൊട്ടാൽ ശക്തമായ തിരിച്ചടി ഉറപ്പ്"; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കെതിരായി, ഞങ്ങളുടെ ആളുകൾക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

പടിഞ്ഞാറൻ ഇറാന് നേരെ വ്യോമാക്രമണം

പടിഞ്ഞാറൻ ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ വ്യോമസേന.

തെഹ്റാനിൽ തുടർ സ്ഫോടനങ്ങൾ; ഇന്ധന ഡിപ്പോ ആക്രമിച്ച് ഇസ്രയേൽ

ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. നിരവധി ഇറാനുകാർ ജീവഭയത്തെ തുടർന്ന് തെഹ്‌റാൻ വിടാൻ തീരുമാനിച്ചെങ്കിലും ജനസംഖ്യയുടെ നല്ലൊരു ഭാഗം ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പൊതുനിരത്തിൽ വാഹന ഗതാഗതവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷേ പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവാണുള്ളത്.

സൈനിക നീക്കത്തിലൂടെ ഇസ്രയേൽ മധ്യേഷ്യയുടെ മുഖച്ഛായ മാറ്റുകയാണെന്ന് നെതന്യാഹു

ഇറാനെതിരായ സൈനിക നീക്കത്തിലൂടെ ഇസ്രയേൽ മധ്യേഷ്യയുടെ മുഖച്ഛായ മാറ്റുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് ഇറാനിൽ സമൂലമായ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഗാസയിൽ ഇസ്രയേൽ ആക്രമണം: 74 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ സൈന്യം ഇന്ന് രാവിലെ മുതൽ നടത്തിയ ആക്രമണങ്ങളിൽ 74 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിലെ ആരോഗ്യ വകുപ്പാണ് ഈ കണക്കുകൾ പുറത്തുവിട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇതിൽ 56 പേർ ഭക്ഷണം ഉൾപ്പെടെയുള്ള സഹായം തേടി ക്യാമ്പുകളിൽ എത്തിയവരായിരുന്നു.

ഇറാൻ്റെ 10 ആണവ കേന്ദ്രങ്ങൾ കൂടി നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇറാൻ്റെ തലസ്ഥാനത്ത് കുറഞ്ഞത് 10 ആണവ കേന്ദ്രങ്ങളെങ്കിലും ഇസ്രയേൽ നശിപ്പിക്കുന്നതിൻ്റെ വക്കിലാണെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. ഇസ്രയേൽ വ്യോമസേന ഇന്ന് തെഹ്‌റാനിൽ വളരെ പ്രധാനപ്പെട്ട ആക്രമണങ്ങൾ നടത്തും.

"ഇസ്രായേലിൻ്റെ വ്യോമശക്തിക്ക് നന്ദി, ഇറാനിയൻ തലസ്ഥാനത്ത് കുറഞ്ഞത് 10 ആണവ ലക്ഷ്യങ്ങളെങ്കിലും ഇസ്രയേൽ നശിപ്പിക്കുന്നതിൻ്റെ വക്കിലാണ്," ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. ദി ടൈംസ് ഓഫ് ഇസ്രയേലിന് നൽകിയ അഭിമുഖത്തിലാണ് കാറ്റ്‌സ് ഇക്കാര്യം പറഞ്ഞത്.

"ഇറാൻ്റെ ഫോർഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം വളരെ ആഴത്തിൽ ഭൂമിക്കടിയിൽ നിർമിച്ചിരിക്കുന്നതിനാൽ യുഎസ് ബങ്കർ-ബസ്റ്റർ ബോംബുകൾക്ക് മാത്രമേ അതിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കാൻ കഴിയൂ. തീർച്ചയായും ഉടൻ പരിഹരിക്കപ്പെടുന്ന ഒരു പ്രശ്നമാണിത്," കാറ്റ്സ് കൂട്ടിച്ചേർത്തു.

ഇസ്രയേലിൽ വീണ്ടും ഇറാൻ ആക്രമണം

ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ച് ഇറാന്‍. ഇറാനിയന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ടോളം മിസൈലുകള്‍ തൊടുത്തതായാണ് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ സെന്‍ട്രല്‍ തെഹ്‌റാനിലും പശ്ചിമ തെഹ്‌റാനിലും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചത്.

ഇറാന് മുകളിലുള്ള ആകാശം പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തില്‍- ട്രംപ്

ഇറാന് മുകളിലുള്ള ആകാശം പൂര്‍ണമായും നമ്മുടെ കൈയ്യിലായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ നമ്മൾ എന്നതുകൊണ്ട് എന്താണ് ട്രംപ് അര്‍ഥമാക്കുന്നതെന്ന് വ്യക്തമല്ല. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇതുവരെ യുഎസ് ഇടപെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രംപിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ' ഇറാന് നല്ല സ്‌കൈ ട്രാക്കേഴ്‌സും പ്രതിരോധ സംവിധാനങ്ങളും ഉണ്ടാകും. പക്ഷെ അതൊന്നും അമേരിക്കന്‍ നിര്‍മിത സംവിധാനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല,' എന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

28 ശത്രു വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഇറാന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 ശത്രു വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഇറാന്‍ സേന. അതില്‍ ഒന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനായി അയച്ച ചാര ഡ്രോണ്‍ ആയിരുന്നുവെന്നും സൈന്യം അറിയിച്ചു.

നിരവധി ഇസ്രയേലി ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ത്തതായി നേരത്തെയും ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഇത് നിഷേധിക്കുകയാണ് ഉണ്ടായത്.

ആയത്തൊള്ള അലി ഖമേനിയെ കൊല്ലുന്നില്ല; പക്ഷെ ഒളിച്ചിരിക്കുന്ന സ്ഥലം അറിയാം- ട്രംപ്

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖമേനിയെ എളുപ്പത്തില്‍ പിടിക്കാമെന്നും എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ചെന്ന് കൊലപ്പെടുത്താന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യല്‍ ആപ്പിലൂടെയാണ് പ്രതികരണം. എന്നാല്‍ ട്രംപിന്റെ പരമാര്‍ശത്തില്‍ തെഹ്‌റാന്‍ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ജനറല്‍

ഇതുവരെ നടത്തിയതെല്ലാം ഇസ്രയേല്‍ ആക്രമണത്തിന് ഒരു മുന്നറിയിപ്പ് എന്ന നിലയിലുള്ള പ്രത്യാക്രമണം മാത്രമാണ്. യഥാര്‍ഥ ആക്രമണം ഇസ്രയേലില്‍ ഉടന്‍ തന്നെ നടത്തുമെന്ന് ഇറാന്‍ സായുധ സേന തലവന്‍ സയ്യീദ് അബ്ദുള്‍ റഹ്‌മാന്‍ മൗസവി പറഞ്ഞതായി ഇറാന്‍ പ്രസ് ടിവി വ്യക്തമാക്കി.

ഇറാനില്‍ കനത്ത ആക്രമണവുമായി ഇസ്രയേല്‍

ഇറാനില്‍ 60 ഓളം സൈനിക കേന്ദ്രങ്ങൾ ഇസ്രയേലി വ്യോമസേന ആക്രമിച്ചതായി ഇസ്രയേല്‍. ഇറാന്റെ ഹൃദയത്തില്‍ തന്നെ വലിയ ആക്രമണം നടത്തിയിരിക്കുന്നുവെന്ന് ഐഡിഎഫ് വക്താവ് പറഞ്ഞതായി ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

News Malayalam 24x7
newsmalayalam.com