ഉറ്റവരുടെ വിയോഗത്തെ തുടർന്ന് വിലപിക്കുന്ന ഗാസയിലെ അഭയാർഥികൾ (ഫയൽ ചിത്രം) Source: X/ MartinRJay
WORLD

മനുഷ്യ കശാപ്പുശാലകളായി ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങൾ; ഇന്ന് കൊല്ലപ്പെട്ടത് 56 പലസ്തീനുകാർ

ഇന്ന് രാവിലെ മുതൽ ഗാസയിലുടനീളം ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിലും മറ്റു ആക്രമണങ്ങളിലും 56 പലസ്തീനുകാർ കൊല്ലപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

തുടർച്ചയായ രണ്ടാം ദിനവും ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത് ഇസ്രയേൽ സൈന്യത്തിൻ്റെ ക്രൂരത കൂടുതൽ വെളിപ്പെടുത്തുന്ന വാർത്തകളാണ്. ഇന്ന് രാവിലെ മുതൽ ഗാസയിലുടനീളം ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിലും മറ്റു ആക്രമണങ്ങളിലും 56 പലസ്തീനുകാർ കൊല്ലപ്പെട്ടു.

തെക്കൻ റഫ പ്രദേശത്തെ സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ കുടുംബങ്ങൾക്ക് നേരെയാണ് ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. ചൊവ്വാഴ്ച രാവിലെ മുതൽ നടന്ന വെടിവെപ്പുകളിൽ 38 പലസ്തീൻ അഭയാർഥികളാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങൾ "മനുഷ്യ അറവുശാലകൾ" ആയി മാറിയെന്ന് പരക്കെ വിമർശനം ഉയരുന്നുണ്ട്. തിങ്കളാഴ്ചയും സമാനമായി ഈ സഹായ വിതരണ കേന്ദ്രങ്ങളിൽ 36 പലസ്തീനുകാർ വെടിയേറ്റ് മരിച്ചിരുന്നു.

ജൂൺ 16ന് പുലർച്ചെ മുതൽ ഗാസയിൽ 65ഓളം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നെറ്റ്സാരിം ഇടനാഴിയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം 60 പലസ്തീനികൾക്ക് പരിക്കേറ്റതായി അൽ അവ്ദ ആശുപത്രി അറിയിച്ചു.

SCROLL FOR NEXT