
തെക്കൻ ഗാസയിൽ സഹായവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 34 പലസ്തീനുകാർ കൊല്ലപ്പെട്ടു. ഗാസ ആരോഗ്യ മന്ത്രാലയമാണ് മരണം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. യുഎസും ഇസ്രയേലും ചേർന്ന് സംയുക്തമായി നടത്തുന്ന ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ഭക്ഷണ വിതരണ കേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ മുതൽ കുറഞ്ഞത് 48 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നെറ്റ്സാരിം ഇടനാഴിയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം 60 പലസ്തീനികൾക്ക് പരിക്കേറ്റതായി അൽ അവ്ദ ആശുപത്രി അറിയിച്ചു.
വടക്കൻ ഗാസയുമായി അതിർത്തി പങ്കിടുന്ന എല്ലാ പട്ടണങ്ങളിലും ഇസ്രായേൽ കരസേന സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇസ്രയേലിൻ്റെ യുദ്ധ മാർഗങ്ങളും രീതികളും ഗാസയിലെ പലസ്തീനികൾക്ക് മേൽ ഭയാനകവും മനസാക്ഷിക്ക് നിരക്കാത്തതുമായ കഷ്ടപ്പാടുകൾ വരുത്തി വെക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ ഹ്യൂമൻ റൈറ്റ്സ് അധ്യക്ഷൻ വോൾക്കർ ടർക്ക് വിമർശിച്ചു.