'റൈസിംഗ് ലയൺ' എന്നാണ് ഓപ്പറേഷന് ഇസ്രയേൽ നൽകിയ പേര് Source: X/ @AFpost, @MosabHasanYOSEF
WORLD

ഇറാനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ഇറാൻ സൈനിക മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഇറാന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലായിരുന്നു ഇസ്രയേൽ ആക്രമണം. വ്യോമാക്രമണത്തിൽ ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈൻ സലാമിയാണ് കൊല്ലപ്പെട്ടത്. 'റൈസിംഗ് ലയൺ' എന്നാണ് ഓപ്പറേഷന് ഇസ്രയേൽ നൽകിയ പേര്.

ആണവായുധങ്ങള്‍ക്ക് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്കും സൈനികതാവളങ്ങളെയും മിസൈൽ ഫാക്ടറികളെയും സൈനിക കമാൻഡർമാരെയും ലക്ഷ്യംവെച്ചായിരുന്നു ആക്രമണം. ടെഹ്റാനിലെ റെവല്യൂഷണറി ഗാർഡ്സ് ആസ്ഥാനവും നതാന്‍സ് ആണവകേന്ദ്രവും ഇസ്രയേലിൻ്റെ ലക്ഷ്യങ്ങളിലുള്‍പ്പെട്ടിരുന്നു.

ഇറാന്‍റെ ആണവ പദ്ധതിയുടെ ഉന്മൂലനമാണ് ലക്ഷ്യമെന്ന്, ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിൻ്റെ നിലനില്‍പ്പിന് മേല്‍ ഇറാന്‍ ഉയർത്തുന്ന ഭീഷണി അവസാനിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ അറിയിച്ചു. ഐഡിഎഫിൻ്റെ ആക്രമണങ്ങള്‍ക്ക് ഒപ്പം, ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദ് ഇറാൻ്റെ തന്ത്രപ്രധാനമായ മിസൈൽ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ ശേഷിയും ദുർബലപ്പെടുത്താൻ അട്ടിമറി പ്രവർത്തനങ്ങള്‍ നടത്തിയതായും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്‍ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈന്‍ സലാമി, ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ആണവോർജ്ജ സംഘടനയുടെ മുന്‍ മേധാവിയുമായ ഫെറെയ്ദൂന്‍ അബ്ബാസി, ആണവ ശാസ്ത്രഞ്ജനും ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയുടെ പ്രസിഡൻ്റുമായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവർ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് എഫീ ഡെഫ്‌റിൻ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും ഇസ്രയേൽ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനിൽ നിന്ന് ഇസ്രയേലിലേക്ക് പ്രതികാര നടപടി ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം ഇസ്രായേൽ ആക്രമണങ്ങളിൽ യുഎസിന് പങ്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു."ഇന്ന് രാത്രി, ഇറാനെതിരെ ഇസ്രായേൽ ഏകപക്ഷീയമായ നടപടി സ്വീകരിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ല, മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻ‌ഗണന," റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതികൾ പരിമിതപ്പെടുത്തുന്നതിനായി ട്രംപ് ഭരണകൂടം ഒരു കരാറിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ ആക്രമണം. ഇറാന്‍-യുഎസ് ആണവ ചർച്ചകള്‍ വഴിമുട്ടിയതോടെയാണ് മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലായത്. ഇറാന്റെ ആണവ പദ്ധതി ഗുരുതരമായ ഭീഷണി ഉയർത്തുകയാണെങ്കിൽ അവരെ ആക്രമിക്കുമെന്ന് ഇസ്രായേൽ വർഷങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ആയുധ-ഗ്രേഡ് ലെവലിനടുത്ത് യുറേനിയം സമ്പുഷ്ടീകരണം തുടരുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്.

ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉടൻ ഇസ്രയേൽ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോർട്ടുകള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റിലെ നയതന്ത്ര പ്രതിനിധികളെ യുഎസ് ഭാഗികമായി പിന്‍വലിച്ചിരുന്നു. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇറാഖിലേതടക്കം ഇറാന്റെ സാമീപ്യമുള്ള എല്ലാ രാജ്യങ്ങളിലേയും എംബസികളിൽ നിന്ന് യുഎസ് ജീവനക്കാരെ പിന്‍വലിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.

SCROLL FOR NEXT