
ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉടൻ ഇസ്രയേൽ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോർട്ടുകള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റിലെ നയതന്ത്ര പ്രതിനിധികളെ ഭാഗികമായി പിന്‍വലിച്ച് യുഎസ്. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇറാഖിലേതടക്കം ഇറാന്റെ സാമീപ്യമുള്ള എല്ലാ രാജ്യങ്ങളിലേയും എംബസികളിൽ നിന്ന് യുഎസ് ജീവനക്കാരെ പിന്‍വലിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. യുഎസിന്റെ അനുമതിയില്ലാതെ ഇസ്രയേല്‍ ആക്രമണത്തിന് തുനിഞ്ഞേക്കുമെന്നാണ് ട്രംപ് ഭരണകൂടം ഭയപ്പെടുന്നത്.
ബുധനാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മിഡില്‍ ഈസ്റ്റിലെ സാഹചര്യം അപകടകരമാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കിയിരുന്നു. അതിനാലാണ് ജീവനക്കാരെ മാറ്റാനുള്ള ഉത്തരവ് നല്‍കിയതെന്നും ട്രംപ് പറഞ്ഞു. 'എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം?' എന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന.
"കാര്യങ്ങള്‍ വളരെ ലളിതമാണ്, അവർക്ക് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞങ്ങൾ അത് അനുവദിക്കാൻ പോകുന്നില്ല," ഇറാനെ പരാമർശിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു.
പ്രാദേശിക സുരക്ഷാ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, ബഹ്‌റൈൻ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെമ്പാടുമുള്ള സ്ഥലങ്ങളിൽ നിന്നുള്ള യുഎസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് "സ്വമേധയാ തിരിച്ചുവരാനും" സർക്കാർ അനുവാദം നല്‍കിയിട്ടുണ്ട്. "സ്വദേശത്തും വിദേശത്തും യുഎസ് പൗരരെ സംരക്ഷിക്കാനുള്ള" പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയിൽ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരും പുറത്തുപോകാൻ ഉത്തരവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പ്രദേശത്തെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവന.
ഇറാന്‍-യുഎസ് ആണവ ചർച്ചകള്‍ വഴിമുട്ടിയതോടെയാണ് മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലായത്. ഇതിനു പിന്നാലെയാണ് യുഎസ് വാർത്താ പ്രക്ഷേപകരായ സിബിഎസ് ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ 'പൂർണമായും സജ്ജാമാണെന്നും ഇറാഖിലെ ചില യുഎസ് കേന്ദ്രങ്ങളെ' ലക്ഷ്യമിട്ടാകും ഇറാന്റെ തിരിച്ചടിയെന്നും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാഷിങ്ടണ്‍ ഡിസിയില്‍ ട്രംപ് ഉന്നതതല യോഗങ്ങള്‍ വിളിച്ചു ചേർക്കുന്നുവെന്ന തരത്തില്‍ അല്‍ ജസീറയും റിപ്പോർട്ടു ചെയ്തതോടെയാണ് മിഡില്‍ ഈസ്റ്റ് മറ്റൊരു സംഘർഷത്തിലേക്ക് കടക്കുകയാണെന്ന തരത്തില്‍ ഭീതി പടർന്നത്.
അതേസമയം, യുഎസും ഇറാനും തമ്മിലുള്ള ആറാം ഘട്ട ചർച്ചകള്‍ വാരാന്ത്യത്തില്‍ ഒമാനില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈ ചർച്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഇറാനു മേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനു പകരമായി രാജ്യം ആണവ പദ്ധതി പരിമിതപ്പെടുത്തണമെന്നാണ് ചർച്ചയുടെ തുടക്കം മുതലുള്ള യുഎസ് നിലപാട്.