ടെല്‍ അവീവ്: ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍-ഗ്വിര്‍. ജൂതര്‍ക്ക് സന്ദര്‍ശനത്തിനല്ലാതെ പള്ളിയിലെത്തി പ്രാര്‍ഥിക്കാന്‍ അനുവാദമില്ല. ഒരു ദശാബ്ദക്കാലമായി നിലനില്‍ക്കുന്ന ഈ വിലക്ക് ലംഘിച്ചാണ് ഇറ്റമര്‍ അല്‍ അഖ്‌സ പരിസരത്തെത്തി പ്രാര്‍ഥന നടത്തിയത്.
നേരത്തെയും ഇസ്രയേല്‍ മന്ത്രി ഇറ്റമര്‍ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രാര്‍ഥന നടത്തുന്നത് ആദ്യമായാണ്. ഹമാസിനെതിരായ ഇസ്രയേലിന്റെ വിജയവും ബന്ദികളുടെ മോചനവുമാണ് ലക്ഷ്യം. അതിനായാണ് പ്രാര്‍ഥിച്ചതെന്നുമാണ് ഇറ്റമറിന്റെ പ്രതികരണം.
സംഭവത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ന്യായീകരിച്ച് പ്രസ്താവനയും ഇറക്കി. ഇറ്റമറിൻറെ സന്ദർശനം കൊണ്ട് മുസ്ലീം ആരാധനാ കേന്ദ്രമായി തന്നെ അല്‍ അഖ്‌സയിലെ തല്‍സ്ഥിതി തുടരുന്നതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന.
അതേസമയം സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്. പ്രദേശത്തിന്റെയും ആരാധനാലയത്തിന്‍റെയും നിയന്ത്രണമുള്ള ജോര്‍ദാന്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. അംഗീകരിക്കാനാവാത്ത പ്രകോപനമാണ് എന്നാണ് ജോര്‍ദാന്‍ പറഞ്ഞത്.
പലസ്തീന്‍ ജനതയ്‌ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറച്ചുകൂടി ആഴത്തിലാക്കി മാറ്റുന്നതാണ് ഇപ്പോഴത്ത പ്രവൃത്തിയെന്ന് ഹമാസും പ്രതികരിച്ചു. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പ്രതികരിച്ചത് ഇസ്രയേല്‍ എല്ലാ പരിധിയും ലംഘിച്ചെന്നാണ്.
ഇസ്ലാം മത വിശ്വാസികളും ജൂത മത വിശ്വാസികളും ഒരു പോലെ പുണ്യസ്ഥലമായി കണക്കാക്കുന്ന പ്രദേശമാണ് അല്‍ അഖ്‌സ പള്ളിയിരിക്കുന്ന പ്രദേശം. ജൂതരെ സംബന്ധിച്ചിടത്തോളം ബൈബിളുമായി ബന്ധപ്പെട്ട രണ്ട് ആരാധനാലയങ്ങളടങ്ങിയ പുണ്യസ്ഥലമാണ് അല്‍ അഖ്‌സ. എന്നാല്‍ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാചകനായ മുഹമ്മദ് നബി സ്വര്‍ഗത്തിലേക്ക് പോയെന്ന് കരുതപ്പെടുന്ന പ്രദേശമാണ് ഇവിടം.
1967ല്‍ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ജോര്‍ദാനില്‍ നിന്നും ഈ പ്രദേശം ഇസ്രയേല്‍ പിടിച്ചെടുത്തിരുന്നു. എങ്കിലും സമാധാനപരമായ തല്‍സ്ഥിതി തുടരുന്നതിന്റെ ഭാഗമായി പുണ്യസ്ഥലമായി കരുതപ്പെടുന്ന പ്രദേശത്തിന്റെ കൈവശാവകാശം ജോര്‍ദാന് തന്നെ നല്‍കുകയായിരുന്നു. അപ്പോഴും സുരക്ഷാ നിയന്ത്രണങ്ങള്‍ ഇസ്രയേലിന്റെ പക്കല്‍ തന്നെയായിരുന്നു.