ഗാസയില്‍ ഇസ്രയേല്‍ നരനായാട്ട് തുടരുന്നു Source: middleeasteye.net
WORLD

ലോകത്തിന്റെ ശ്രദ്ധ ഇറാനില്‍; ഗാസയില്‍ ഇസ്രയേലിന്റെ നരനായാട്ട്; തിങ്കള്‍ മുതല്‍ വെള്ളി വരെ 265 മരണം

കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ, ഒരു നേരത്തെ ഭക്ഷണത്തിനായി വരിനിന്നവര്‍ ഉള്‍പ്പെടെയാണ് ആക്രമിക്കപ്പെടുന്നത്.

Author : ന്യൂസ് ഡെസ്ക്

ലോകം ഇറാനില്‍ നിന്നുള്ള വാര്‍ത്തകളിലേക്ക് ശ്രദ്ധ നട്ടിരിക്കുമ്പോള്‍, ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ നരനായാട്ട്. ആണവ പദ്ധതിക്കെതിരായ നടപടി എന്ന പേരില്‍ ഇറാനിലുടനീളം ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ തന്നെയാണ് ഗാസയിലും ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ, ഒരു നേരത്തെ ഭക്ഷണത്തിനായി വരിനിന്നവര്‍ ഉള്‍പ്പെടെയാണ് ആക്രമിക്കപ്പെടുന്നത്. ഇസ്രയേല്‍ അധിനിവേശ സേനയുടെ വെടിവെപ്പിനൊപ്പം, ഷെല്ലാക്രമണവും രൂക്ഷമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ, അഞ്ച് ദിവസത്തിനിടെ 265 പലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച - 20 മരണം

ജൂണ്‍ 16ന് ഭക്ഷണം ശേഖരിക്കാന്‍ കാത്തുനിന്ന 20 പേരെയാണ് ഇസ്രയേല്‍ സേന കൊലപ്പെടുത്തിയത്. റഫയിലെ അല്‍ അലം റൗണ്ട് എബൗട്ടിന് സമീപം ഇസ്രയേല്‍ അധിനിവേശ സേന വെടിയുതിര്‍ക്കുകയായിരുന്നു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും ഭക്ഷണത്തിനായി കാത്തിരുന്നുവരായിരുന്നു. നാല് മാസത്തോളമായി മതിയായ ഭക്ഷണം പോലും ലഭിക്കാത്തവര്‍ ഉള്‍പ്പെടെയാണ് സഹായകേന്ദ്രങ്ങളില്‍ വലിയ വരികളില്‍ കാത്തുനില്‍ക്കുന്നതെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വ - 80 മരണം

സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം. രണ്ട് ആക്രമണങ്ങളിലായി 80 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. തെക്കന്‍ ഗാസ മുനമ്പിലെ യുഎസിന്റെ സഹായ വിതരണ കേന്ദ്രം ഉള്‍പ്പെടെയാണ് ആക്രമിക്കപ്പെട്ടത്. പലസ്തീന്‍ ആരോഗ്യ മന്ത്രാലയം കണക്കനുസരിച്ച്, റഫയിലെ അല്‍ ആലം പ്രദേശത്ത് ഏകദേശം 30 പേരും, ഖാന്‍ യൂനിസിലെ അല്‍ തഹ്‌ലിയയില്‍ 50 പേരും കൊല്ലപ്പെട്ടു.

ബുധനാഴ്ച - 33 മരണം

ഗാസ മുനമ്പിലുടനീളം നടന്ന വെടിവെപ്പില്‍ 33 പേര്‍ കൊല്ലപ്പെട്ടു. മാധ്യഗാസയില്‍ ഭക്ഷണത്തിനായി വരി നിന്ന ആയിരക്കണക്കിന് ആളുകള്‍ക്കുനേരെ ഇസ്രയേല്‍ അധിനിവേശ സേന വെടിയുതിര്‍ക്കുകയായിരുന്നു. നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഷെല്ലാക്രമണം നടന്നു.

വ്യാഴം - 72 മരണം

സഹായ വിതരണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്രേയല്‍ ആക്രമണം തുടര്‍ന്നു. ഭക്ഷണം ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ക്കായി കാത്തുനിന്ന 21 പേര്‍ ഉള്‍പ്പെടെ 72 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസ മുനമ്പില്‍ സഹായത്തിനായി കാത്തുനിന്ന ആറു പേരും, നെറ്റ്സറിം ഇടനാഴിയില്‍ 15 പേരും കൊല്ലപ്പെട്ടു.

വെള്ളി - മരണം 60

സഹായം തേടിയെത്തിയ 31 പേര്‍ ഉള്‍പ്പെടെ 60 മരണം. തെക്കന്‍ ഗാസ മുനമ്പില്‍ അഞ്ചു പേരും, ഭക്ഷ്യ റേഷന്‍ പ്രതീക്ഷിച്ച് ദിവസവും ആയിരക്കണക്കിന് പലസ്തീനികള്‍ വന്നുകൂടുന്ന നെറ്റ്സറിം ഇടനാഴിയില്‍ 26 പേരും കൊല്ലപ്പെട്ടു.

SCROLL FOR NEXT