
ഗാസയിൽ ഭക്ഷണം ഉൾപ്പെടെയുള്ള സഹായ വസ്തുക്കൾ തേടിയെത്തിയ 22 പലസ്തീനികളെ വെടിവെച്ച് കൊന്ന് ഇസ്രയേലി സൈന്യം. സെൻട്രൽ ഗാസയിലെ നെറ്റ്സാരിമിലുള്ള സഹായ വിതരണ കേന്ദ്രത്തിൽ വെച്ചാണ് സംഭവം.
നിരവധി പേർക്ക് പരിക്കേറ്റെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ദെയ്ർ അൽ ബലാഹിലെ അൽ അവ്ദ ആശുപത്രിയിലെ ഒരു സ്രോതസ്സിനെ ഉദ്ധരിച്ചാണ് അൽ ജസീറ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച മാത്രം 72 പലസ്തീനികളെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സ്ഥാപിച്ച ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾക്ക് സമീപം തടിച്ചുകൂടിയ 21 പേരെ കൂടി ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇസ്രയേൽ പലസ്തീനിൽ നടപ്പാക്കുന്ന വംശഹത്യയുടെ കൂടി ഭാഗമായാണ് ഈ നടപടികളെന്നാണ് സംശയിക്കുന്നത്.