Image: X
WORLD

ഇത് മറ്റൊന്നുമല്ല, എണ്ണയോടുള്ള ആര്‍ത്തി മാത്രമാണ്; ട്രംപിനെതിരെ ഡെല്‍സി റോഡ്രിഗസ്

മയക്കു മരുന്ന് കടത്ത് അടക്കമുള്ള ട്രംപിൻ്റെ ആരോപണങ്ങളെല്ലാം നുണകൾ മാത്രമാണെന്നും വെനസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ്

Author : നസീബ ജബീൻ

കാരക്കാസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. ട്രംപ് ഉന്നയിച്ച മയക്കുമരുന്ന് കടത്ത്, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നുണകളാണെന്നും വെനിസ്വേലയിലെ ഊര്‍ജസമ്പത്തിനോടുള്ള അമേരിക്കയുടെ ആര്‍ത്തിയാണ് ഇതിനു പിന്നിലെന്നും ഡെല്‍സി പറഞ്ഞു.

സ്‌റ്റേറ്റ് ടെലിവിഷന്‍ വിടിവിയിലൂടെയാണ് രാജ്യത്തിനെതിരെ യുഎസ് പ്രസിഡന്റ് നടത്തുന്ന കടന്നു കയറ്റങ്ങളെ കുറിച്ച് ഡെല്‍സി റോഡ്രിഗസ് തുറന്നു പറഞ്ഞത്. ഊര്‍ജത്തോടുള്ള അമേരിക്കയുടെ അത്യാഗ്രഹം വെനസ്വേലയുടെ വിഭവങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. മയക്കുമരുന്ന് കടത്ത്, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെ കുറിച്ചെല്ലാം അവര്‍ പറയുന്ന നുണകള്‍ വെറും ഒഴിവുകഴിവുകള്‍ മാത്രമാണ്.

എല്ലാ കക്ഷികള്‍ക്കും പ്രയോജനം ലഭിക്കുന്നതും വാണിജ്യ കരാറുകളിലൂടെ സഹകരണം വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതുമായ ഊര്‍ജ ബന്ധങ്ങള്‍ക്കായി വെനസ്വേല തയ്യാറാണ്. വെനസ്വേലയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു കറ ഇപ്പോള്‍ അമേരിക്കയുമായി ഉണ്ടായിട്ടുണ്ടെന്നും ദേശീയ അസംബ്ലി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഡെല്‍സി പറഞ്ഞു.

സ്ഥിരത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര ഭിന്നതകള്‍ പരിഹരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഡെല്‍സി ആവശ്യപ്പെട്ടു. തീവ്രവാദപരമോ ഫാസിസ്റ്റ് രീതിയിലുള്ളതോ ആയ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രകടനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. കാരണം അവ രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമാധാനത്തിനും ദേശീയ സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള പദ്ധതികള്‍ വേണ്ടതുണ്ട്.

പുതിയ എണ്ണ ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വെനസ്വേല ഇനി മുതല്‍ യുഎസ് നിര്‍മിത ഉത്പന്നങ്ങള്‍ മാത്രം വാങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡെല്‍സി റോഡ്രിഗസിന്റെ പ്രതികരണം വരുന്നത്.

വെനസ്വേലയുടെ പ്രധാന വ്യാപാര പങ്കാളി യുഎസ് ആയിരിക്കുമെന്നും അതിന് അവര്‍ പ്രതിജ്ഞാബദ്ധരാണെന്നുമായിരുന്നു ട്രംപിന്റെ വാദം.

SCROLL FOR NEXT