യുഎസില്‍നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചശേഷം യുദ്ധം തുടങ്ങിയത് ഇസ്രയേല്‍ ആണ് ഇറാന്‍ അല്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ അമീര്‍ സയീദ് ഇരവാനി. യുഎന്‍ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇസ്രയേല്‍ ആക്രമണമെന്നും ഇരവാനി പറഞ്ഞു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം തുടരുന്നതില്‍ അദ്ദേഹം മുന്നറിയിപ്പും നല്‍കി. രാജ്യത്തിന്റെ പരമാധികാരം, ജനങ്ങള്‍, പ്രാദേശിക സമഗ്രത എന്നിവ സംരക്ഷിക്കാന്‍ ഇറാന്‍ മടി കാണിക്കില്ലെന്നായിരുന്നു ഇരവാനിയുടെ വാക്കുകള്‍. സിറിയന്‍ വിഷയത്തെ കേന്ദ്രീകരിച്ച്, പശ്ചിമേഷ്യ സംബന്ധിച്ച യുഎന്‍ രക്ഷാ സമിതി യോഗത്തിലായിരുന്നു ഇരവാനി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിലുള്ള ആണവ സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. ഇനിയുമത് തുടര്‍ന്നാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. യുഎന്‍ ചാര്‍ട്ടറിലെ അനുച്ഛേദം 5 പ്രകാരം, നിയമാനുസൃതമായ പ്രതിരോധത്തിനുള്ള അന്തർലീനമായ അവകാശമാണ് ഇറാന്‍ ഉപയോഗിച്ചത്. ഇറാന്റെ പ്രതികരണം പൂര്‍ണമായും പ്രതിരോധപരവും, പരിമിതവും, ആനുപാതികവുമായിരുന്നു. സൈനിക, സാമ്പത്തിക നിലപാടുകളെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്ന ആ പ്രതികരണം -ഇരവാനി വിവരിച്ചു.
പ്രതിരോധ നടപടിയെന്ന ഇസ്രയേല്‍ വാദങ്ങളെ ഇരവാനി എതിര്‍ത്തു. ഇത്തരത്തിലുള്ള നരേറ്റീവുകള്‍ സാധാരണമായി മാറിയാല്‍, അന്താരാഷ്ട്ര ബന്ധങ്ങളിൽ ഭീഷണിയോ ബലപ്രയോഗമോ നിരോധിക്കുന്ന യുഎന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങളെ അത് തുരങ്കം വയ്ക്കും. അടിസ്ഥാന കടമകൾ നിർവഹിക്കുന്നതിലും അധിനിവേശക്കാരെ നിയന്ത്രിക്കുന്നതിലും യുഎന്‍ രക്ഷാ സമിതി പരാജയപ്പെട്ടു എന്നാണ് ഗാസ, ലെബനൻ, സിറിയ, യെമൻ എന്നിവയുടെ കയ്പ്പേറിയ അനുഭവങ്ങള്‍ തെളിയിച്ചിരിക്കുന്നത്. സംഘര്‍ഷ സാഹചര്യങ്ങളില്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇരവാനിയുടെ വാക്കുകള്‍.
ഇറാന്റെ ആണവ പദ്ധതിക്കെതിരായ നടപടിയെന്നാണ് സൈനിക നീക്കത്തെ ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തുന്നതിനാണ് മുന്‍ഗണനയെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഭരണമാറ്റം ലക്ഷ്യമല്ല. എന്നിരുന്നാലും, സൈനിക നടപടിയുടെ അനന്തരഫലമായി ഭരണമാറ്റത്തിന് സാധ്യത ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.