WORLD

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി

വലിയ പ്രകമ്പനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ കല്ലുകള്‍ വീഴാനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുള്ളതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Author : ന്യൂസ് ഡെസ്ക്

ടോക്യോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. ജപ്പാനിലെ വടക്കന്‍ ഐലന്‍ഡായ ഹൊക്കായിദോയിലാണ് തിങ്കളാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 5.23നാണ് ഹൊക്കോയിദോയിലെ തെക്കന്‍ പ്രദേശത്തായി 83 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്.

ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല. ഭൂചലനത്തില്‍ വസ്തുവകകള്‍ക്കും ജീവനും ഭീഷണി കുറവായിരിക്കുമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു.

അതേസമയം വലിയ പ്രകമ്പനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ കല്ലുകള്‍ വീഴാനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുള്ളതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും ആഴ്ചകളിലും സമാനമായ ഭൂകമ്പങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞയാഴ്ച ജപ്പാനിലുണ്ടായ വലിയ ഭൂകമ്പത്തില്‍ 7.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. പലയിടങ്ങളിലും സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. ഉയര്‍ന്ന തിരമാലകള്‍ തീരത്തേക്ക് അടിച്ചത് ആശങ്കയ്ക്കും ഇടയാക്കിയിരുന്നു.

SCROLL FOR NEXT