എല്ലാം മറന്ന്, ചുറ്റും നടക്കുന്നതൊന്നും ബാധിക്കാതെ സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ 22.2 ലക്ഷം യെൻ അതായത് 13.76 ലക്ഷം രൂപ സമ്മാനം നേടാനൊരു വകുപ്പുണ്ട്. പക്ഷേ, ജപ്പാനിലെത്തി മത്സരത്തില്‍ പങ്കെടുക്കണം. അവിടെയാണ്, 'മാറ്റ്രെയ്‌സ് ബൈ കോല' എന്ന പേരില്‍ ഉറക്ക മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പലകാരണങ്ങള്‍ കൊണ്ട് സുഖമായൊന്നുറങ്ങാന്‍ കഴിയാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലത്താണ് ജപ്പാനിലെ വേറിട്ട മത്സരം.
ജപ്പാനിലെ പ്രമുഖ മെത്ത നിര്‍മാണ കമ്പനിയായ കോല ജപ്പാൻ ആണ് മത്സരം നടത്തുന്നത്. ഒക്ടോബർ അഞ്ചിന് ടോക്യോയിലാണ് 'മാറ്റ്രെയ്‌സ് ബൈ കോല' മത്സരം. മൂന്ന് ദിവസങ്ങളിലായി 90 മിനുട്ട് വീതമുള്ള മൂന്ന് മത്സരങ്ങൾ നടക്കും. ഓരോ മത്സരത്തിലും ഇരുപത് പേർക്ക് പങ്കെടുക്കാം. കോല മെത്തകളിൽ കിടന്ന് വേണം മത്സരാർഥികൾ ഉറങ്ങാൻ. പക്ഷേ, ഏറ്റവും കൂടുതല്‍ സമയം ഉറങ്ങുന്നവര്‍ക്കല്ല സമ്മാനം. എത്രമാത്രം ആഴത്തിലാണ് ഉറക്കം, ആരോഗ്യപരമായി ഉറക്കത്തിന്റെ നിലവാരം എത്ര, എത്ര വേഗം സുഖകരമായ ഉറക്കത്തിലേക്ക് കടന്നു, അസ്വസ്ഥതകൾ ഒന്നുമില്ലാതെയുള്ള ഉറക്കത്തിലെ സ്ഥിരത എന്നിങ്ങനെ കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാണ് സ്ലീപ്പ് സ്കോറിങ് തയ്യാറാക്കുക. അതിനായി മത്സരാര്‍ഥികള്‍ പ്രത്യേക സ്ലീപ്പ് മോണിറ്ററിങ് ഉപകരണങ്ങൾ ധരിക്കണം. ഡോക്‌ടര്‍മാരുടെ മേൽനോട്ടത്തിലാകും മത്സരം നടക്കുക.
പക്ഷേ, ഏത് ഉറക്കപ്രിയനും അത്രയെളുപ്പത്തില്‍ ഉറങ്ങാനാവില്ല. അതിനുള്ള പണികള്‍ മത്സരത്തിന്റെ ഭാഗമായുണ്ട്. ഉറക്കം ഇല്ലാതാക്കുന്ന തരത്തില്‍ അപ്രതീക്ഷിത തടസ്സങ്ങളും, ശബ്ദങ്ങളുമൊക്കെ സംഘാടകര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതിനെയെല്ലാം മറികടന്നുവേണം ഉറങ്ങാന്‍. തീര്‍ന്നില്ല, തലേ ദിവസം മുഴുവൻ ഉറങ്ങാതിരുന്നിട്ട് വന്ന് ഉറങ്ങാമെന്ന വ്യാമോഹവും നടക്കില്ല. അമിത ക്ഷീണത്തോടെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല. ഉറക്കഗുളികകളോ മരുന്നുകളോ പാടില്ല. ഉറങ്ങുന്നതിന് മുമ്പ് മത്സരാർഥികൾക്ക് ചെറിയ വ്യായാമം മാത്രമാണ് അനുവദനീയം. ഇതെല്ലാം കൃത്യമായി മോണിറ്റർ ചെയ്യപ്പെടും.
മത്സരം ജയിച്ചാല്‍ 22.2 ലക്ഷം യെന്‍ ആണ് സമ്മാനം. സാധാരണ ഉറക്കത്തെ സൂചിപ്പിക്കാന്‍ ZZZ... എന്നാണല്ലോ എഴുതാറ്. അതിനെ സൂചിപ്പിക്കാനാണ് 222 എന്ന അക്കത്തില്‍ സമ്മാനത്തുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍, 13.76 ലക്ഷം രൂപ ഉറങ്ങി നേടാം എന്ന് ചുരുക്കം. പ്രധാന സമ്മാനത്തിനു പുറമേ, ആഴത്തിൽ ഉറങ്ങുന്നവർക്കും വിചിത്രമായ പൊസിഷനിൽ കിടന്ന് ഉറങ്ങുന്നവർക്കും പ്രത്യേക പുരസ്കാരങ്ങളുണ്ട്. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യം കൂടി മത്സരത്തിനുണ്ടെന്ന് കോല ജപ്പാൻ അറിയിക്കുന്നു.